തിരുവനന്തപുരം:  ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ സ്വമേധയാ പുതിയ സത്യവാങ്മൂലം നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 2016ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു മാധ്യമങ്ങളോട് പറഞ്ഞു. 

വിഷയത്തില്‍ കേസിന്റെ നിയമപ്രശ്‌നങ്ങള്‍ പഠിച്ച് സത്യവാങ്മൂലം നല്‍കേണ്ട ഘട്ടമാകുമ്പോള്‍ അത് ചെയ്യും. നിലവില്‍ ബോര്‍ഡിന് സുപ്രീംകോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും എന്‍. വാസു പറഞ്ഞു. ഞങ്ങളോട് ആവശ്യപ്പെടാതെ അവിടെപ്പോയി അഭിപ്രായം നല്‍കേണ്ട കാര്യമില്ല. 

സുപ്രീംകോടതിയുടെ ഒരു വിധി രാജ്യത്തിന് മുഴുവന്‍ ബാധകമാകുന്ന ഒരു നിയമമാണ്. ആ വിധി അനുസരിക്കില്ലെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല. അതനുസരിച്ചുള്ള നിലപാടാണ് യുവതി പ്രവേശന വിഷയത്തില്‍ അന്നത്തെ ബോര്‍ഡ് സ്വീകരിച്ചത്. 

പക്ഷെ മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു വിധി വന്നത് എന്നതിനാല്‍ ചുരുങ്ങിയ ദിവസംകൊണ്ട് യുവതികള്‍ വന്നാല്‍ അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കഴിയുകയില്ല എന്നുള്ളതുകൊണ്ടാണ് അന്ന് സാവകാശ ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയത്. 

എന്നാല്‍ വിധി വന്ന് ഇത്രയും കാലമായതിനാല്‍ ആ ഹര്‍ജിക്ക് ഇപ്പോള്‍ പ്രസക്തിയില്ല. 2016ന് ശേഷം യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനോട് സുപ്രീംകോടതി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ദേവസ്വം ബോര്‍ഡ് അത് ചെയ്തിട്ടുമില്ല. ആ സ്ഥിതി ഇപ്പോഴും തുടരുന്നുവെന്നും എന്‍. വാസു പറഞ്ഞു.

ഭക്തന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്നുതന്നെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ എക്കാലത്തെയും അഭിപ്രായം. നിലവില്‍ പുതിയ നിലപാട് എടുക്കേണ്ട സാഹചര്യം ബോര്‍ഡിന് മുന്നിലില്ല. വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി സുപ്രീംകോടതി ദേവസ്വം ബോര്‍ഡിനോട് അഭിപ്രായം ആരാഞ്ഞിട്ടില്ല. അങ്ങനെ ചോദിച്ചാല്‍ വിഷയങ്ങള്‍ എല്ലാം പരിഗണിക്കുമെന്നും നിലവില്‍ ചാടിക്കേറി അഭിപ്രായം അറിയിക്കുകയോ സത്യാവാങ്മൂലം നല്‍കുകയോ വേണ്ടതില്ല എന്നാണ് ബോര്‍ഡിന് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്നും അദ്ദേഹം  പറഞ്ഞു.

Content Highlights: Sabarimala Women Entry; Devaswom Board says it will not issue a new affidavit without court notice