ശബരിമല വിഷയത്തിൽ പുതിയ സത്യവാങ്മൂലം നല്‍കാൻ തയ്യാറെന്ന് സിപിഎം


ഷമ്മി പ്രഭാകർ /മാതൃഭൂമി ന്യൂസ്

ശബരിമല സ്ത്രീപ്രവേശം ഒരിക്കല്‍കൂടി യു.ഡി.എഫ് തിരഞ്ഞെടുപ്പ് വിഷയമാക്കിയതു കൊണ്ടാണ് സി.പി.എം ഇപ്പോള്‍ നിലപാട് മാറ്റിയത്. ശബരിമലവിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചാണ് യു.ഡി.എഫ്. ശബരിമല പ്രശ്‌നം വീണ്ടും പ്രചാരണായുധമാക്കുന്നത്.

ശബരിമല | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാരിന്റെ നിര്‍ണായകമായ ചുവടുമാറ്റം. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറെന്ന് സി.പി.എം പി.ബി അംഗം എം.എ.ബേബി വ്യക്തമാക്കി .

സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കും. എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷം മാത്രമായിരിക്കും സത്യവാങ്മൂലം നല്‍കുകയെന്നും എം.എ.ബേബി പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികളുടെ സമ്മര്‍ദ്ദം മൂലമല്ല സിപിഎം നിലപാട് മാറ്റുന്നതെന്നും ബേബി വ്യക്തമാക്കി. സമൂഹത്തിന്റെ വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ കണക്കിലെടുത്തേ സംസ്ഥാനത്തിന്റെ മുഴുവന്‍ ചുമതല വഹിക്കുന്ന പാര്‍ട്ടിക്ക് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകൂ. എല്ലായിടത്തും സമത്വവും തുല്യതയും എന്ന നിലപാട് ഘട്ടം ഘട്ടമായിട്ടാകും സമൂഹത്തില്‍ നടപ്പാക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശം ഒരിക്കല്‍കൂടി യു.ഡി.എഫ് തിരഞ്ഞെടുപ്പ് വിഷയമാക്കിയതു കൊണ്ടാണ് സി.പി.എം ഇപ്പോള്‍ നിലപാട് മാറ്റിയത്. ശബരിമലവിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചാണ് യു.ഡി.എഫ്. ശബരിമല പ്രശ്‌നം വീണ്ടും പ്രചാരണായുധമാക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പൂര്‍ണമായും പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സത്യവാങ്മൂലം പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ അതിന്റെ അടിസ്ഥാനമാക്കിയുണ്ടായ വിധിയുടെ പശ്ചാത്തലത്തില്‍ ഒരുപാട് കേസുകള്‍ ഉണ്ടായിട്ടുണ്ട്. ആ കേസുകള്‍ കൂടി പിന്‍വലിക്കുകയാണെന്ന് സര്‍ക്കാര്‍ പറയാന്‍ തയ്യാറാകണം. എങ്കില്‍മാത്രമേ ശാന്തമായ അന്തരീക്ഷം ഉണ്ടാവുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ നിലപാടിനെ അവര്‍ കാട്ടിക്കൂടുന്ന കോമാളിത്തരമായിട്ടാണ് കാണുന്നതെന്ന് ബി.ജെ.പി. നേതാവ് വി.വി.രാജേഷ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ അടിത്തറ തകരുന്നു എന്നതിന്റെ സൂചനയാണ് പിബി അംഗം തന്നെ ഇക്കാര്യം പറയുന്നതിലൂടെ മനസ്സിലാകുന്നതെന്നും രാജേഷ് പറഞ്ഞു.

2006-ലാണ് 'ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍' എന്ന സംഘടന, സെക്രട്ടറി ഭക്തി പസ്രീജ സേത്തി മുഖേന സുപ്രീംകോടതിയെ സമീപിച്ചത്. ആര്‍ത്തവകാലത്ത് യുവതികള്‍ക്ക് ക്ഷേത്രപ്രവേശനം വിലക്കാന്‍ നിയമപിന്‍ബലം നല്‍കുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനചട്ടത്തിലെ മൂന്നാം (ബി) വകുപ്പ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ മുഖ്യ ആവശ്യം.

2007-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ യുവതീപ്രവേശനത്തിന് അനുകൂലനിലപാടുമായി സത്യവാങ്മൂലം നല്‍കിയതാണ് ശബരിമല കേസിലെ ആദ്യ വഴിത്തിരിവ്. ഒരേമതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഈ വിഷയം പഠിക്കാന്‍ കമ്മിഷനെ വെക്കണമെന്നും യുവതികള്‍ക്ക് മാത്രമായി പ്രത്യേക സീസണ്‍ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അതില്‍ വ്യക്തമാക്കി. 2016-ല്‍ കേസ് സുപ്രീംകോടതിയിലെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനുമുന്നിലെത്തി.

2016-ല്‍ സുപ്രീംകോടതിയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വി.എസ്. സര്‍ക്കാരിന്റെ നിലപാടില്‍നിന്ന് പിന്‍വാങ്ങി. ശബരിമലയില്‍ യുവതീപ്രവേശം ആവശ്യമില്ലെന്നും തത്സ്ഥിതി തുടരണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ്. സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് മാറ്റത്തെ കോടതി വാക്കാല്‍ ചോദ്യംചെയ്തു. പിന്നീട് വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ദേവസ്വംബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു. കേസ് അഞ്ചംഗ ബെഞ്ചിലെത്തി.

കേസ് ഭരണഘടനാ ബെഞ്ചിലെത്തിയപ്പോള്‍ കേരളത്തില്‍ പിണറായി വിജയന്റെ ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നു. ഇതോടെ, സംസ്ഥാനസര്‍ക്കാര്‍ വീണ്ടും നിലപാട് മാറ്റി. യുവതീപ്രവേശത്തെ അനുകൂലിക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ദേവസ്വംബോര്‍ഡ് പഴയ നിലപാടില്‍ തുടര്‍ന്നു.

സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന തുല്യത, അന്തസ്സ്, മതസ്വാതന്ത്ര്യം തുടങ്ങി ക്ഷേത്രപ്രവേശവിലക്ക് അയിത്തത്തിന് കീഴില്‍ വരുമെന്നുവരെ ഹര്‍ജിയെ അനുകൂലിക്കുന്നവര്‍ വാദിച്ചു. അതേസമയം, നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠയുടെ അവകാശങ്ങള്‍, ആചാരങ്ങളുടെ അനിവാര്യത എന്നിവ ചൂണ്ടിക്കാട്ടി ശക്തമായ എതിര്‍വാദവുമുണ്ടായി. കക്ഷിചേരാനെത്തിയവരെയെല്ലാം കേട്ടശേഷം ബെഞ്ച് യുവതീപ്രവേശത്തെ അനുകൂലിച്ച് 2018 സെപ്റ്റംബര്‍ 28-ന് വിധിയെഴുതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഢ്, ആര്‍.എഫ്. നരിമാന്‍ എന്നിവര്‍ അനുകൂലിച്ചും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എതിര്‍ത്തും വിധിയെഴുതി.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented