കൊച്ചി: ജനുവരി 28 ലെ വിധിയും എതിരാവുകയും സ്ഥിതി വഷളാവുകയും ചെയ്താല്‍ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ അനിവാര്യമാകുമെന്ന് ആര്‍എസ്എസ് സംസ്ഥാന അധ്യക്ഷന്‍ പി.ഇ.ബി മേനോന്‍. 

നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാമെന്ന് അദ്ദേഹം പറഞ്ഞു. ഓര്‍ഡിനന്‍സ് എന്നത് അവസാനത്തെ നടപടിയാണെന്നും അതിനാലാണ് ഇപ്പോള്‍ കേന്ദ്രത്തിന് അത് കൊണ്ടുവരാനാകാത്തതെന്നും പി.ഇ.ബി. മേനോന്‍ വ്യക്തമാക്കുന്നു. പ്രശ്‌നങ്ങള്‍ തീരുമെങ്കില്‍ ഓര്‍ഡിന്‍സിന്റെ ആവശ്യമുണ്ടാകില്ല. സമ്മര്‍ദ്ദം ശക്തമായാല്‍ അവസാനത്തെ നടപടിയെന്ന നിലയ്ക്ക് കേന്ദ്രത്തിന് ഓര്‍ഡിന്‍സ് കൊണ്ടുവരേണ്ടിവരുമെന്നും പി.ഇ.ബി. മേനോന്‍ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകളെ ഒളിച്ചുകടത്തിയപ്പോള്‍ വിജയിച്ചത് പിണറായിയുടെ പിടിവാശിയാണ്. പ്രശ്‌നത്തില്‍ പരിഹാരമാകുന്നതുവരെ ശബരിമല കര്‍മസമിതിക്ക് ആര്‍.എസ്.എസ് എല്ലാ പിന്തുണയും നല്‍കുമെന്നും പി.ഇ.ബി മേനോന്‍ വ്യക്തമാക്കി. മുമ്പ് നടന്ന ഹര്‍ത്താലുകളോട് ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടായേക്കാമെങ്കിലും ഇന്നത്തെ ഹര്‍ത്താല്‍ പൊതുസമൂഹം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ചെയ്ത പ്രവൃത്തിയോടുള്ള പ്രതിഷേധം ഹര്‍ത്താലിലൂടെല്ലാതെ പ്രകടിപ്പിക്കാന്‍ സാധിക്കില്ല. 

അയ്യപ്പജ്യോതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വനിതാ മതില്‍ പരാജയമായിരുന്നു. അതിനാലാണ് ഇവരെ ശബരിമലയില്‍ കയറ്റിയത്. ഒരു വാശിയുടെ പുറത്താണ് ഇത് നടപ്പിലാക്കിയത്. ഭരണകര്‍ത്താവിന് യോജിച്ച നടപടിയായിരുന്നില്ല ഇതെന്നും ആര്‍.എസ്.എസ് സംസ്ഥാന അധ്യക്ഷന്‍ വിമര്‍ശിച്ചു.

Content Highlights: Sabarimala Women Entry Controversy, will seeks ordinance say RSS State Cheif