തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ റിവ്യൂ ഹര്‍ജിക്കുള്ള നീക്കം ഉര്‍ജിതമാക്കി കോണ്‍ഗ്രസ്. ഇക്കാര്യം ചര്‍ച്ചചെയ്യുന്നതിനായി കോണ്‍ഗ്രസിന്റെ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തില്‍ പങ്കെടുക്കും.  

തിരുവിതാംകൂര്‍, ഗുരുവായൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റുമാരും അംഗങ്ങളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. റിവ്യൂ ഹര്‍ജി നല്‍കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാടെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടത്തുന്നത്. 

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി കൊടുത്തേക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. സുപ്രീം കോടതിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്താന്‍ തയ്യാറാകണമെന്ന ആവശ്യവും കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നുണ്ട്.