കൊച്ചി: സന്നിധാനത്തേക്ക് പുറപ്പെട്ട മലയാളി യുവതിയുടെ കൊച്ചിയിലെ വീട് അടിച്ചു തകര്‍ത്തു. രാവിലെ ഒമ്പത് മണിയോടെയാണ് കൊച്ചി സ്വദേശിനിയായ രഹ്ന ഫാത്തിമയുടെ പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിനു നേരെ ആക്രമണം നടന്നത്. യുവതി ശബരിമലയിലെത്താനുള്ള ശ്രമം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്.

വീടിന്റെ ജനാലച്ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. വീടിനു പുറത്തുണ്ടായിരുന്ന ഗ്യാസ് കുറ്റിയും കസേരയടക്കമുള്ള സാധനങ്ങളും നശിപ്പിച്ചിട്ടുമുണ്ട്. രണ്ടു പേര്‍ എത്തിയാണ് ആക്രമണം നടത്തിയതെന്നാണ് സമീപവാസികള്‍ പറയുന്നത്.

വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. വീട് അടച്ചിട്ട നിലയിലായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.