പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞ സംഭവത്തില്‍ 200 ഓളം പേര്‍ക്കെതിരേ കേസെടുത്തു. മരക്കൂട്ടത്തുവെച്ച് യുവതികളെ തടഞ്ഞ 100 പേര്‍ക്കെതിരെയും സന്നിധാനത്ത് നാമജപം നടത്തിയ അമ്പതോളം പേര്‍ക്കെതിരെയുമാണ് സന്നിധാനം പോലീസ് കേസെടുത്തത്. അപ്പാച്ചിമേട്ടില്‍ തടഞ്ഞ നാല്‍പതോളം പേര്‍ക്കെതിരേ പമ്പ പോലീസും കേസെടുത്തിട്ടുണ്ട്.

സന്നിധാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഘടിച്ച് നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെയും മരക്കൂട്ടത്ത് പ്രതിഷേധം നടത്തിയവര്‍ക്കെതിരെയുമാണ് സന്നിധാനം പോലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസ്. കൂടുതല്‍ അന്വേഷണത്തിനു ശേഷം മാത്രമേ ഇവര്‍ ആരൊക്കെയാണെന്നതു സംബന്ധിച്ച് വ്യക്തതയുണ്ടാവൂ.

കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനകദുര്‍ഗ എന്നിവരാണ് രാവിലെ ഏഴ് മണിയോടെ മലചവിട്ടാന്‍ എത്തിയത്. ഇവരുടെ യാത്രം അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. അപ്പാച്ചിമേട്ടില്‍ അരമണിക്കൂറോളം പ്രതിഷേധക്കാര്‍ യുവതികളെ തടഞ്ഞു. പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കി സന്നിധാനത്തേക്കുള്ള യാത്ര തുടര്‍ന്നെങ്കിലും പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് ഇവരെ തിരിച്ചിറക്കുകയായിരുന്നു.

Content Highlights: Sabarimala Women entry, Sabarimala, sabarimala protest