പത്തനംതിട്ട: സുപ്രീംകോടതി വിധി പുറപ്പെടുവിച്ചാല്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ടയില്‍ നടന്ന എല്‍.ഡി.എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സുപ്രീംകോടതി വിധി ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിക്കും സന്നദ്ധമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അങ്ങനെ ചെയ്യുന്നത് നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തുന്ന നീക്കമാണ്. പുനഃപരിശോധനാ ഹര്‍ജി നല്‍കി ദേവസ്വം ബോര്‍ഡ് വടികൊടുത്ത് അടി വാങ്ങരുത്. ശബരിമല നട അടയ്ക്കുന്നതും തുറക്കുന്നതും തന്ത്രിയുടെ അവകാശമല്ല. പൂജാരിയും ബ്രഹ്മചാരി ആയിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

സുപ്രീംകോടതി പ്രധാനമായും പരിശോധിച്ചത് ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയുന്ന നിലപാട് ഭരണഘടനയ്ക്ക് അനുസൃതമാണോയെന്നാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൗലികാവകാശത്തിന് എതിരാണ് സ്ത്രീ പ്രവേശനം തടയുന്ന നടപടിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്ത്രീയ്ക്കും പുരുഷനും പ്രായവ്യത്യാസമില്ലാതെ അവിടെപ്പോയി പ്രാര്‍ഥിക്കാന്‍ അവകാശമുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതിന് അതീവ പ്രാധാന്യമുണ്ട്.

സുപ്രീം കോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ഇക്കാര്യം നിയമസഭ ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നുമാണ് ചിലര്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാരും നിയമസഭയുമെല്ലാം ഭരണഘടനയുടെ സൃഷ്ടിയാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിനാല്‍ ഭരണഘടനയെ മാനിക്കുന്ന നിലപാട് സ്വീകരിക്കുക എന്നത് ഏതുസര്‍ക്കാരും പാലിക്കേണ്ട കാര്യമാണ്.

സംസ്ഥാനത്തെ മറ്റ് ആരാധനാലയങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമാണ് ശബരിമല. എല്ലാ ജാതി മതസ്ഥര്‍ക്കും പ്രവേശനമുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. അവിടെ സ്ത്രീകള്‍ക്കുകൂടി പ്രവേശനമുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തെ യാഥാസ്ഥിതിക വിഭാഗം എല്ലാകാലത്തും എതിര്‍ത്തിട്ടുണ്ട്. കേരളത്തിലെ സമുന്നതരായ നേതാക്കളെപ്പോലും പുലഭ്യം പറഞ്ഞ യാഥാസ്ഥിതികര്‍ ഉണ്ടായിരുന്നു.

സുപ്രീംകോടതി വിധി അവസരമായി ബിജെപി എടുത്തപ്പോള്‍ കോണ്‍ഗ്രസും ഒപ്പം ചേര്‍ന്നതാണ് പലര്‍ക്കും മനസിലാകാത്തത്. കോണ്‍ഗ്രസെന്നാല്‍ പഴയ കോണ്‍ഗ്രസല്ല. ഇന്നത്തെ ഒരു വിഭാഗം നേതാക്കളുടെ ശരീരം കോണ്‍ഗ്രസിലും മനസ് ബിജെപിയിലുമാണെന്നും അദ്ദേഹം ആരോപിച്ചു.