ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ തന്ത്രി കുടുംബം സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഇരുവരും പ്രത്യേകം പ്രത്യേകമായിട്ടാണ് ഹര്‍ജി നല്‍കിയത്.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ ആചാരണങ്ങളും വിശ്വാസങ്ങളും കണക്കിലെടുത്തിട്ടില്ല. ക്ഷേത്രത്തിന്റെ ആചാര അനുഷ്ടാനങ്ങളില്‍ അന്തിമ തീരുമാനങ്ങളെടുക്കാനുള്ള അവകാശം തന്ത്രി കുടുംബത്തിനാണ്. വിഗ്രഹാരാധന ഹിന്ദുമതത്തില്‍ അനിവാര്യമാണ്. വിഗ്രഹത്തിന് അവകാശമുണ്ട്. ഭരണഘടനയുടെ 25(1) അനുഛേദപ്രകാരം വിഗ്രഹത്തിനുള്ള അവകാശം സുപ്രീംകോടതി കണക്കിലെടുത്തില്ലെന്നും ഇരുവരും നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

സുപ്രീംകോടതി വിധിക്കെതിരെ നേരത്തെ എന്‍എസ്എസും പന്തളം കൊട്ടാരവും പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. അതേ സമയം ഈ മാസം 28 ന് ശേഷം മാത്രമെ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുകയുള്ളൂ. അടിയന്തരമായി പരിഗമിക്കണമെന്ന ഇവരുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.