ചങ്ങനാശ്ശേരി:  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ എന്‍എസ്എസ്. വിധി നടപ്പാക്കാന്‍ മറ്റൊന്നിനുമില്ലാത്ത വ്യഗ്രതയാണ് സര്‍ക്കാരിനെന്നാണ് സമുദായ സംഘടന കുറ്റപ്പെടുത്തുന്നത്. സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതായും എന്‍എസ്എസ് അറിയിച്ചു.

ശബരിമല വിഷയത്തില്‍ റിവിഷന്‍ ഹര്‍ജി നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് നിരാശാജനകമാണെന്ന് എന്‍എസ്എസ് പ്രസ്താവനയില്‍ പറയുന്നു.സ്വതന്ത്ര ചുമതലയുള്ള ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ നിലപാട് അംഗീകരിക്കുന്നത് മനസ്സിലാകുന്നില്ല. ശബരിമലയുടെയും അതോടനുബന്ധിച്ചുള്ള ആയിരത്തി ഇരുനൂറില്‍ പരം ക്ഷേത്രങ്ങളുടെയും ആചാര-അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ ദേവസ്വംബോര്‍ഡ് ഇങ്ങനെ നിലപാടെടുക്കാന്‍ പാടില്ലായിരുന്നു എന്നും എന്‍എസ്എസ് കുറ്റപ്പെടുത്തുന്നു.

ഭരണഘടന എല്ലാത്തിലും വലുത് തന്നെയാണ്. അനാചാരങ്ങള്‍ മാറ്റേണ്ടത് ആവശ്യമാണെന്നതും വിസ്മരിക്കുന്നില്ല. എന്നാല്‍, മനുഷ്യന്റെ വിശ്വാസം സംരക്ഷിക്കാന്‍ ആവശ്യമായ ഭേദഗതികള്‍ കാലാകാലങ്ങളില്‍ വരുത്തേണ്ടതും സര്‍ക്കാരുകളുടെ ചുമതലയാണ്. സംസ്ഥാനസര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും പ്രശ്‌നത്തെ കുറച്ചുകൂടി അവധാനതയോടെ കൈകാര്യം ചെയ്ത് പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും പ്രസ്താവനയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: SABARIMALA VERDICT,  NSS REACTION, G.SUKUMARAN NAIR