കുവൈത്ത് സിറ്റി: ശബരിമലയെ തകര്‍ക്കാനുള്ള ഇടതുപക്ഷ നീക്കത്തിനെതിരെ ജീവന്‍ മരണ പോരാട്ടം നടത്തുമെന്ന് ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. എന്നാല്‍, ഈ വിഷയത്തില്‍ ബി.ജെ.പി. വക്താവ് മീനാക്ഷി ലേഖിയോട് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചപ്പോള്‍ മറുപടി നല്‍കാതെ അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഭാരതീയ പ്രവാസി പരിഷത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈറ്റില്‍ എത്തിയതായിരുന്നു ഇരുവരും.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. പന്തളം രാജ കുടുംബാംഗങ്ങള്‍, തന്ത്രിമാര്‍, സന്യാസി ശ്രേഷ്ഠര്‍, വിവിധ ഹിന്ദു സംഘടനകള്‍ എന്നിവരുമായി ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇവരുടെ അഭിപ്രായങ്ങള്‍ക്ക് ബി.ജെ.പി. പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. 

ശബരിമല വിഷയത്തില്‍ സ്ത്രീ എന്ന നിലയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടിനോട് യോജിക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ബി.ജെ.പി.ഔദ്യോഗിക വക്താവ് മീനാക്ഷി ലേഖി വ്യക്തമാക്കി. എന്നാല്‍ ബി.ജെ.പി ഔദ്യോഗിക വക്താവ് എന്ന നിലയില്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ മറുപടി നല്‍കാതെ അവര്‍ വാര്‍ത്താ സമ്മേളനത്തില്‍നിന്നു ഇറങ്ങിപ്പോയി.