തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാലത്ത് എത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പോലീസിന്റെ പാസ് നിര്‍ബന്ധമാക്കി. മണ്ഡലകാലത്ത് തീര്‍ഥാടകര്‍ പ്രാദേശിക പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പാസ് ഉറപ്പാക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. പ്രളയത്തെ തുടര്‍ന്ന് പാര്‍ക്കിങ് മുഴുവനായും നിലയ്ക്കലിലേക്ക് മാറ്റിയിരുന്നു. പാസ് പതിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് നിലയ്ക്കലിലും മറ്റു പ്രദേശങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ല.

തീര്‍ഥാടന കാലത്ത് പ്രവര്‍ത്തിക്കുന്ന കടകളിലെയും മറ്റും എല്ലാ ജോലിക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

നിലയ്ക്കല്‍വരെ മാത്രമേ തീര്‍ഥാടകരുടെ വാഹനങ്ങള്‍ കടത്തിവിടൂ. പമ്പയിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തുമെന്ന് നേരത്തെതന്നെ അറിയിച്ചിരുന്നു. കൂടാതെ മണ്ഡലകാലത്ത് വിശ്വാസികള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈനിലൂടെ ഇതുവരെ നാല് ലക്ഷത്തോളം പേര്‍ ബുക്ക് ചെയ്തതായാണ് വിവരം.

ഓൺലൈൻ ബുക്കിങ് സംവിധാനം

ദർശനത്തിനെത്തുന്ന ദിവസവും സമയവും ഓൺലൈനായി തിരഞ്ഞെടുക്കാം. കെ.എസ്.ആർ.ടി.സി. ടിക്കറ്റ് ബുക്കിങ്ങും ദർശനത്തിനുള്ള സമയം തിരഞ്ഞെടുക്കലും www.sabarimalaq.com എന്ന പോർട്ടലിലൂടെയാണ്. www.keralartc.com എന്ന വെബ്സൈറ്റിൽനിന്ന് നേരിട്ടും ബസ്ടിക്കറ്റുകൾ ബുക്കുചെയ്യാം. പത്തുപേർക്കുവരെ ഒറ്റടിക്കറ്റ് മതി.

സമയം അടിസ്ഥാനമാക്കി 48 മണിക്കൂർവരെ ഉപയോഗിക്കാവുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റ് (നിലയ്ക്കൽ-പമ്പ-നിലയ്ക്കൽ) ലഭിക്കും. 48 മണിക്കൂറിനുള്ളിൽ മടക്കയാത്ര പൂർത്തിയാക്കണം. പമ്പാസ്നാനത്തിനുശേഷം തീർഥാടകരെ പമ്പയിൽ തുടരാൻ അനുവദിക്കില്ല. നിലയ്ക്കലിലെ കെ.എസ്.ആർ.ടി.സി. ടിക്കറ്റ് കൗണ്ടറുകളിൽനിന്ന്‌ ടിക്കറ്റെടുക്കാം.

ചന്ദ്രാനന്ദൻറോഡ്‌വഴി പോകുന്നതിനുള്ള ബുക്കിങ്

മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി തീർഥാടകർക്ക് മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദൻറോഡുവഴി സന്നിധാനം നടപ്പന്തൽവരെയെത്താൻ അനുവാദം നൽകും. ഇതിനും www.sabarimalaq.com എന്ന വെബ് പോർട്ടൽ ഉപയോഗിക്കാം. ദർശനദിവസം പമ്പയിലെ പോലീസ് പരിശോധനാകൗണ്ടറിൽ ബുക്കിങ് കൂപ്പൺ കാണിച്ചാൽ മതി. ഫോട്ടോയുള്ള തിരിച്ചറിൽ കാർഡ് പരിശോധനാകൗണ്ടറിൽ കാണിക്കണം. ഈ സൗകര്യം ഉപയോഗിക്കുന്ന തീർഥാടകർ നിലയ്ക്കൽ-പമ്പ കെ.എസ്.ആർ.ടി.സി. ബസ്ടിക്കറ്റ് പ്രത്യേകം എടുക്കണമെന്നും നിര്‍ദേശമുണ്ട്.