പത്തനംതിട്ട: ശബരിമലയില്‍ നടക്കുന്നത് ഗുരുതര ആചാര ലംഘനമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. മണ്ഡലകാലം ആരംഭിച്ചുവെങ്കിലും ശബരിമലയില്‍ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഞായറാഴ്ച നിലയ്ക്കലെത്തിയ മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
പമ്പയിലും നിലയ്ക്കലിലും പ്രാഥമികസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി അടൂര്‍ പ്രകാശ് ആരോപിച്ചു. പ്രളയത്തില്‍ വന്നടിഞ്ഞ മണല്‍ നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടത്തിയില്ല. പ്രളയത്തില്‍ തകര്‍ന്ന ശൗചാലയങ്ങള്‍ പോലും പുനര്‍നിര്‍മിച്ചിട്ടില്ല. അടിസ്ഥാനസൗകര്യം ഇല്ലാത്തതു കൊണ്ടാണ് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ നടക്കുന്നത് ഗുരുതരമായ ആചാരലംഘനമാണെന്ന് മുന്‍ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. തീര്‍ഥാടകര്‍ക്ക് പകല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് തെറ്റാണ്. രാത്രിയില്‍ ഏര്‍പെടുത്തിയ നിയന്ത്രണം കൂടാതെയാണിത്. ജനങ്ങളോട് കാണിക്കേണ്ട മര്യാദ പുലര്‍ത്താത്ത സര്‍ക്കാര്‍ പരാജയമാണ്. രാഷ്ട്രീയാടിസ്ഥാനത്തില്‍ ആളെ തടയുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വരഹിതമായ നടപടികളാണ് പോലീസ് നടത്തുന്നത്.
പമ്പയില്‍ വരുന്ന ആളുകള്‍ക്ക് മഴയത്ത് നനയാതെ കയറിനില്‍ക്കാനുള്ള സംവിധാനം പോലും ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല. പ്രളയം പിന്നിട്ടതോടെ ആകെ താറുമാറായ പമ്പയില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് പോലീസ് രാജാണെന്നും നേതാക്കള്‍ ആരോപിച്ചു. 12.5 ഹെക്ടര്‍ സ്ഥലത്ത് 15,000 പോലീസിനെ നിയോഗിച്ചിരിക്കുന്നത് അടിസ്ഥാനരഹിതമായ സംഗതിയാണെന്നും ഇവര്‍ പറഞ്ഞു.
നിലയ്ക്കലില്‍ പോലും വേണ്ടത്ര സൗകര്യങ്ങളില്ല. ആശുപത്രികളോ മറ്റ് മെഡിക്കല്‍ സൗകര്യങ്ങളോ ഒരുക്കിയിട്ടില്ലെന്നും വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമലയില്‍ ആചാരങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇടതു സര്‍ക്കാര്‍ നടത്തുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
പമ്പയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം അടൂര്‍ പ്രകാശും വി.എസ്.ശിവകുമാറും സന്നിധാനത്തേക്ക് തിരിച്ചു.
Sabarimala, UDF Leaders, Thiruvanchur Radhakrishnan, Adoor Prakash, V S Sivakumar