ന്യൂഡല്‍ഹി: ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. സ്ത്രീപ്രവേശവിധി നടപ്പാക്കുന്നതിന് തടസ്സംനിന്നുവെന്ന ഹര്‍ജിക്കൊപ്പം, യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് നടയടച്ചത് കോടതിയലക്ഷ്യമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. 

ജനുവരി 22 ന് മുമ്പ് ശബരിമല വിഷയത്തിലെ ഒരു ഹര്‍ജിയും കേള്‍ക്കില്ല എന്ന് കോടതി അറിയിച്ചു. ഭരണ ഘടന ബഞ്ച് അടിക്കടി സംഘടിപ്പിക്കാനും പുനഃസംഘടിപ്പിക്കാനും കഴിയില്ലെന്നും എല്ലാ ഹര്‍ജികളും 22നു പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

ഇന്നലെ യുവതികള്‍ കയറിയ ശേഷം നടഅടച്ചു ശുദ്ധിക്രിയ നടത്തിയ കാര്യം അഭിഭാഷകന്‍ പരമാര്‍ശിച്ചെങ്കിലും കോടതി മറുപടി നല്‍കിയില്ല. കോടതി അലക്ഷ്യമൊന്നും നടന്നിട്ടില്ലെന്ന് അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി കെ ബിജു അറിയിച്ചു. കേരളത്തില്‍ ഹര്‍ത്താല്‍ ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രകാശ് കോടതിയില്‍ ചൂണ്ടിക്കാട്ടി.കോടതി പ്രകാശിന്റെ വാദം കേള്‍ക്കാന്‍ തയ്യാറായില്ല.

ശബരിമല തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരത്തിലെ പി. രാമവര്‍മ രാജ എന്നിവര്‍ക്കെതിരേ എ.വി. വര്‍ഷയും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള, ബി.ജെ.പി. നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, നടന്‍ കൊല്ലം തുളസി എന്നിവര്‍ക്കെതിരേ ഗീനാ കുമാരിയുമാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

വിധിക്കെതിരായ പരാമര്‍ശങ്ങള്‍ ക്രിയാത്മകവിമര്‍ശനമാണെന്നു ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹര്‍ജിക്ക് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി രജിസ്ട്രിയില്‍ നേരിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്യുകയായിരുന്നു. 

ശബരിമല വിധി വന്നയുടനെ, ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്നാവശ്യപ്പെട്ട് തന്ത്രിക്ക് രാമവര്‍മ രാജ കത്തെഴുതിയെന്ന മാധ്യമറിപ്പോര്‍ട്ടുകളാണ് കോടതിയലക്ഷ്യത്തിന് അടിസ്ഥാനമാക്കുന്നത്. യുവതികള്‍ കയറിയാല്‍ നടയടയ്‌ക്കേണ്ടിവരുമെന്ന തന്ത്രിയുടെ പ്രസ്താവനയും കോടതിയലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നു.

വിധിക്കെതിരായ പരാമര്‍ശം നടത്തിയതിനാണ് പി.എസ്. ശ്രീധരന്‍ പിള്ള, മുരളീധരന്‍ ഉണ്ണിത്താന്‍, കൊല്ലം തുളസി എന്നിവര്‍ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

content highlights: sabarimala thanthri, sabarimala women entry,supreme court