ശബരിമല: കന്നിമാസ പൂജകള്‍ക്ക് മുന്നോടിയായി ശബരിമല നട തുറന്നു. പ്രളയം കാരണം ശബരിമലയിലേക്കുള്ള ഗതാഗതം മുടങ്ങിയതിനെ തുടര്‍ന്ന് നിറപുത്തരി, ഓണപൂജ അടക്കമുള്ള പൂജകള്‍ക്ക് ഭക്തര്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. അതിനു ശേഷം ഇപ്പോഴാണ് ശബരിമലയിലേക്ക് തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നത്.

ശബരിമല മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നടതുറന്നത്. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര് അയ്യപ്പന്‍മാര്‍ക്ക് പ്രസാദം വിതരണം ചെയ്തു. കണ്ഠരര് രാജീവര് അടുത്ത ഒരു വര്‍ഷത്തേക്കുള്ള താന്ത്രിക ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് ഇന്ന് നടക്കും. ചിങ്ങമാസത്തിലാണ് ഈ ചടങ്ങ് നടക്കേണ്ടിയിരുന്നതെങ്കിലും മഴ കാരണം അത് മുടങ്ങിയിരുന്നു. 

നിരവധി ഭക്തര്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്. ശക്തമായ മഴയാണ് വൈകുന്നേരത്തോടെ ശബരിമലയില്‍ പെയ്യുന്നത്. ശബരിമലയിലേക്ക് അയ്യപ്പന്മാരെ കടത്തിവിടുന്നതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. പമ്പയില്‍ ഭക്തര്‍ക്കായി താല്‍കാലിക വഴിയൊരുക്കിയിട്ടുമുണ്ട്.

കന്നിമാസം അഞ്ചുവരെ നടതുറന്നിരിക്കും. ഈ ദിവസങ്ങളില്‍ പതിവു പൂജകളെല്ലാം നടക്കും. സെപ്റ്റംബര്‍ 21ന് രാത്രി 10ന് നട അടയ്ക്കും.