പത്തനംതിട്ട: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. വെര്‍ച്വല്‍ക്യൂവഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനം.

നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയും മാളികപ്പുറം മേല്‍ശാന്തി എം.എന്‍.രജികുമാറും സന്നിധാനത്തെത്തി. ഇന്ന് വൈകീട്ട് ദീപാരാധനയ്ക്കുശേഷം ഇരുവരേയും മേല്‍ശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും. രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേല്‍ശാന്തിയായ എ.കെ.സുധീര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായ എം.എസ്.പരമേശ്വരന്‍ നമ്പൂതിരിയും രാത്രിയില്‍ത്തന്നെ മലയിറങ്ങും.

ദര്‍ശനത്തിന് എത്തുന്നവര്‍ 24 മണിക്കൂറിനുളളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കരുതണം. ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന ഉണ്ടാകും. പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സി.എഫ്. എല്‍.ടി.സി.യിലേക്ക് മാറ്റും. ചെറിയ വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടുമെങ്കിലും തീര്‍ഥാടകരെ ത്രിവേണിയില്‍ ഇറക്കിയശേഷം നിലയ്ക്കലില്‍ പാര്‍ക്കുചെയ്യണം.

Content Highlights: Sabarimala Temple Opened For Mandala Pooja