തിരുവനന്തപുരം: സുപ്രീംകോടതിയുടെ പുതിയ ഇടപെടലില്‍ ശബരിമലയില്‍ യുവതീപ്രവേശനം വിലക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡിന് മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം. യുവതീപ്രവേശനം നടപ്പാക്കുകയാണ് ബോര്‍ഡിന് മുന്നിലുള്ള പോംവഴി. ചൊവ്വാഴ്ചത്തെ കോടതിയുടെ ഇടപെടലോടെ യുവതി പ്രവേശനം വേണമെന്ന വിധിയില്‍ കൂടുതല്‍ വ്യക്തത വന്നെന്നും അഡ്വ.ചന്ദ്ര ഉദയ്‌ സിങ് ബോര്‍ഡിന് നിയമോപദേശം നല്‍കി.

യുവതീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന് ചൊവ്വാഴ്ച സുപ്രീംകോടതി പറഞ്ഞിരുന്നു. നിലവിലെ വിധിക്ക് സ്റ്റേയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സമവായ നീക്കത്തിനായി ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ദേവസ്വംബോര്‍ഡ് നിയമോപദേശം തേടിയിരുന്നത്. 

എന്നാല്‍ യുവതീപ്രവേശനം വേണമെന്ന് ആദ്യത്തെ കോടതി വിധിയേക്കാളും രണ്ടാമത്തെ കോടതി വിധി വ്യക്തത തരുന്നുണ്ടെന്നാണ് നിയമോപദേശം ലഭിച്ചത്.

Content Highlights: Sabarimala supreme court verdict-legal advice travancore devaswom board