തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ശബ്ദ സന്ദേശം പുറത്തുവിട്ടുകൊണ്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ശബരിമല സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത് ആര്‍എസ്എസുകാരാണെന്ന ആരോപണം അദ്ദേഹം തള്ളി.

സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയവര്‍ക്ക് ആര്‍എസ്എസുമായി ബന്ധമില്ല. ഹര്‍ജിക്കാര്‍ ആര്‍എസ്എസുകാരാണ് എന്ന് വാര്‍ത്ത കൊടുത്ത മലയാള ചാനലിനെതിരെ അവര്‍ കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

മന്ത്രി പുറത്തുവിട്ട ശബ്ദരേഖ ആരുടെയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഗുജറാത്തില്‍നിന്നുള്ള പ്രമുഖനായ നേതാവിന്റെ കേരളത്തിലെ ആളിന്റെ ശബ്ദം, ബിജെപിക്കാരുടെ ശബ്ദമാണെന്നു പറയുന്നത് കള്ളത്തരമാണ്. നരേന്ദ്ര മോദിയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരാളുടെ അനുയായിയുടെ ശബ്ദമാണ്. സിപിഎമ്മിലെ പുത്തന്‍കൂറ്റുകാരന്റെ ശബ്ദമാണത്. അത് ഞങ്ങളുടെ ആളുടെ പാര്‍ട്ടിയില്‍പ്പെട്ട ആളുടേതാണെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

നിയമം തെറ്റെന്നു തോന്നിയാല്‍ ലംഘിക്കാനും അതിന്റെ ശിക്ഷ ഏറ്റുവാങ്ങാനും ഞങ്ങള്‍ തയ്യാറാണ്. നിയമലംഘന സമരം നടത്തും എന്നതുതന്നെയാണ് ബിജെപിയുടെ നിലപാട്. ശബരിമല കലാപഭൂമിയാണെന്ന് വരുത്തിത്തീര്‍ത്ത് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് അനുവദിക്കില്ല.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്. മധ്യസ്ഥത്തിനു വിളിക്കുന്നതിനു മുന്‍പ് നട്ടെല്ല് കാണിക്കണം. മുന്‍പ് പറഞ്ഞതെല്ലാം കഴിഞ്ഞിട്ട് പിണറായിയെ കണ്ടപ്പോള്‍ കവാത്തു മറക്കുന്ന, നപുംസക നയം സ്വീകരിക്കുന്ന ആളാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി കൊടുക്കാന്‍ പോകുന്നില്ല. കുതന്ത്രമാണ് അവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. 

മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ രാഷ്ട്രീയതാല്‍പര്യങ്ങളുള്ളവരുണ്ട്. അവര്‍ പ്രത്യേക അജണ്ട സൃഷ്ടിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് തെറ്റാണ്. ആരാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തരവകുപ്പ് കണ്ടുപിടിച്ച് നടപടിയെടുക്കട്ടെ. ഇന്നലെ നടത്തിയ സമരത്തില്‍ കോണ്‍ഗ്രസുകാരെ ആരും തടഞ്ഞില്ലെന്നും കോണ്‍ഗ്രസുകാരും സിപിഎമ്മും തമ്മിലുള്ള ബാന്ധവമാണ് ഇന്നലെ കണ്ടതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഭക്തരെന്ന വ്യാജേന ഇരുമുടിക്കെട്ടിന് സമാനമായ സഞ്ചിയേന്തി മാലയുമിട്ട് രണ്ട് പേര്‍ വീതമായി വേണം നിലയ്ക്കലിലേക്ക് പോകാനെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നല്കിയിരിക്കുന്ന ശബ്ദസന്ദേശം പരസ്യപ്പെടുത്തിക്കൊണ്ടായിരുന്നു വ്യാഴാഴ്ച ഉച്ചയ്ക്ക് മന്ത്രി കടകംപള്ളി പത്രസമ്മേളനത്തില്‍ സംസാരിച്ചത്. ആഹ്വാനം കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്നും മന്ത്രി ചോദിച്ചിരുന്നു. ശബരിമലയില്‍ യുവതി പ്രവേശനത്തിനുള്ള ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് ബന്ധമുള്ളവരാണെന്നും കടകംപള്ളി ആരോപിച്ചിരുന്നു.

Content Highlights: Sabarimala Women entry, Sreedharan pillai, kadakampally surendran