ശബരിമല ശ്രീകോവിലിലെ ചോർച്ച മാറ്റാൻ അനന്തൻ ആചാരിയുടെ നേതൃത്വത്തിൽ സ്വർണപ്പാളി ഇളക്കി പരിശോധിക്കുന്നു.
ശബരിമല: ശബരിമല ശ്രീകോവിലിലെ മേല്‍ക്കൂരയില്‍ സമ്പൂര്‍ണ അറ്റകുറ്റപ്പണിക്ക് ദേവസ്വം ബോര്‍ഡ് തീരുമാനം. കാലപ്പഴക്കം കാരണം കൂടുതല്‍ ഇടങ്ങളില്‍ ചോര്‍ച്ച ഉണ്ടാകുമെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഹൈക്കോടതിയുടെ അനുമതി വാങ്ങിയശേഷം 22-ന് പണികള്‍ ആരംഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു.
ശ്രീകോവിലിന് മുന്‍വശത്ത് കോടിക്കഴുക്കോലിന്റെ ഭാഗത്തായി കണ്ടെത്തിയ ചോര്‍ച്ച കഴിഞ്ഞദിവസം താത്കാലികമായി അടച്ചു. ഈ ഭാഗത്തെ നാല് സ്വര്‍ണപ്പാളികള്‍ ഇളക്കി എം. സീലും സിലിക്കന്‍പശയും ഉപയോഗിച്ചാണ് വിടവ് അടച്ചത്. സ്വര്‍ണപ്പാളികള്‍ക്ക് താഴെയുള്ള ചെമ്പ് പാളികള്ക്കോ തടിക്കോ കേടില്ല. ശ്രീകോവിലിനകത്ത് ചോര്‍ച്ചയില്ലെന്നും പരിശോധനയില്‍ വ്യക്തമായി. അതേസമയം തടിയിലാകെ നനവുണ്ടായിട്ടുണ്ട്. വാസ്തുവിദഗ്ധനും ബോര്‍ഡിലെ റിട്ട. മൂത്താശാരിയുമായ എം.കെ. രാജു, കൊടിമരം പണിത ശില്പി അനന്തന് ആചാരി, ഭരണങ്ങാനം വിശ്വകര്‍മ കള്‍ച്ചറല്‍ ആന്‍ഡ് ഡെവലപ്മെന്റ് സൊസൈറ്റിയിലെ ശില്പികള് തുടങ്ങിയവരാണ് ചോര്‍ച്ച പരിഹരിച്ചത്.
മുഴുവന്‍ ചെമ്പാണികളും മാറ്റിസ്ഥാപിക്കും
മേല്‍ക്കൂരയിലെ സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ചിട്ടുള്ള മുഴുവന്‍ ചെമ്പ് ആണികളും മാറ്റി പുതിയത് സ്ഥാപിക്കും. സ്വര്‍ണപ്പാളികള്‍ക്കിടയിലെ വിടവുകള്‍ നികത്തും.
ഇതിന് മികച്ച ഇനം പശ ഉപയോഗിക്കും. സെപ്റ്റംബര്‍ ആറിന് ഓണ പൂജകള്‍ക്കായി നട തുറക്കുന്നതിന് മുന്നേ പണികള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ശ്രീകോവിലിന് മുന്നിലെ സ്വര്‍ണം പൂശിയ മുഴുവന്‍ ഭാഗങ്ങളും മിനുക്കും.
പ്രധാനകാരണം ദ്രവിച്ച ചെമ്പാണി
ശ്രീകോവിലില്‍ ഇടതുവശത്തായി കണ്ടെത്തിയ ചോര്‍ച്ചക്ക് പ്രധാനകാരണം ദ്രവിച്ച ചെമ്പാണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തി. സ്വര്ണപാളികള്ക്കിടയില് വിടവ് കൂടിയതും, മുമ്പ് ഉപയോഗിച്ച പശയുടെ കാലപ്പഴക്കവും ചോര്‍ച്ചയ്ക്ക് കാരണമായി. കഴുക്കോലിന് മുകളില്‍ തേക്ക് പലക ഉറപ്പിച്ച് ചെമ്പുപാളി അടിച്ചതിനുശേഷം 33 സെന്റീമീറ്റര്‍ വ്യാപ്തിയിലാണ് സ്വര്‍ണ പാളികള്‍ സ്ഥാപിച്ചിട്ടുള്ളത്.
സ്വര്‍ണം പൂശിയശേഷമുള്ള ആദ്യ അറ്റകുറ്റപ്പണി
ശ്രീകോവിലിന്റെ മേല്‍ക്കൂരയില്‍ സ്വര്‍ണം പൂശിയ ശേഷം അറ്റകുറ്റപ്പണി നടക്കുന്നത് ഇതാദ്യം. 1997-ലാണ് ശബരിമല ശ്രീകോവിലിലെ മേല്‍ക്കൂര സ്വര്‍ണം പൊതിയുന്നത്. തമിഴ്നാട്ടില്‍നിന്നുള്ള ശില്പികളാണ് സ്വര്‍ണം പൊതിഞ്ഞത്. തമിഴ്നാട് ശൈലിയിലാണ് നിര്‍മാണം. 36 കിലോ സ്വര്‍ണമാണ് ഉപയോഗിച്ചത്. 1904 കിലോ ചെമ്പും വേണ്ടിവന്നു. 18 കോടിയോളം ചെലവായെന്നാണ് കണക്ക്. ശ്രീകോവിലിന് മുകളില്‍ കരിങ്കല്ല് കൊണ്ടുള്ള മേല്‍ക്കൂരയും അതിനു മുകളില്‍ തേക്ക് തടി കൊണ്ടുള്ള കഴുക്കോലും സ്ഥാപിച്ചു. ഇതിനുമുകളില്‍ തേക്ക് പലക ഉറപ്പിച്ച് ചെമ്പുപാളി അടിച്ചശേഷമാണ് സ്വര്‍ണം പൊതിഞ്ഞത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..