ന്യൂഡല്‍ഹി:  ശബരിമല വിഷയം സുപ്രീം കോടതി ഏഴംഗ ബഞ്ചിന് വിട്ടു. വിശാല ബഞ്ചിന്റെ തീര്‍പ്പിന് ശേഷമായിരിക്കും യുവതിപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. 

പുനഃപരിശോധനാ ഹര്‍ജികള്‍ കേട്ട കോടതി അതില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഏഴ് വിഷയങ്ങളില്‍ തീര്‍പ്പ് കണ്ടെത്താന്‍ വിശാല ബഞ്ചിന് വിടുകയായിരുന്നു. കോടതി ഇന്ന് ആദ്യ കേസായി ശബരിമലയാണ് പരിഗണിച്ചത്. 2018 സെപ്റ്റംബര്‍ 28 മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചായിരുന്നു യുവതിപ്രവേശനം അനുവദിച്ച് ഉത്തരവിട്ടത്. 

ഇതിനെതിരെ 56 പുനഃപരിശോധനാ ഹര്‍ജികളാണ് കോടതിക്ക് മുമ്പിലെത്തിയത്. പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസായിരിക്കും രൂപീകരിക്കുക. ഇപ്പോള്‍ വിധിപറഞ്ഞ ജഡ്ജിമാരില്‍ മൂന്ന് പേര്‍ ഏഴംഗ ബെഞ്ചിലേക്ക് പോകും.

മതത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് വിധിപ്രസ്താവത്തില്‍ കോടതി പറഞ്ഞു.  ശബരിമല വിധിക്ക് മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനവുമായും പാര്‍സി സ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവുമായും ബന്ധമുണ്ട്. ഇത് ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്നും ആചാരങ്ങള്‍ പുലര്‍ത്താന്‍ അവകാശമുണ്ടെന്നും വിധിയില്‍ പറയുന്നു. 

ശിരൂര്‍ മഠം കേസാണ് ഇതിന് ആധാരമായി പരിഗണിക്കുന്നത്. ശിരൂര്‍ മഠക്കേസില്‍ മതത്തിലെ ആചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ അതാത് മതത്തിലെ ആചാര്യന്മാരാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീംകോടതി വിധിയുണ്ട്. ശബരിമല കേസില്‍ അത് ഉണ്ടായിട്ടില്ല. അക്കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഏഴംഗ ബെഞ്ച് പരിശോധിക്കണമെന്നാണ് ഭൂരിപക്ഷ വിധി. 

മൂന്ന് പേര്‍ ഏഴംഗ ബെഞ്ചിലേക്ക് വിടാനും രണ്ടു പേര്‍ വിയോജിച്ചും വിധി എഴുതി. ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എന്നിവരാണ് ഏഴംഗ ബെഞ്ചിലേക്ക് വിടാന്‍ ഉത്തരവിട്ടത്. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ പുനഃപരിശോധന ഹര്‍ജികള്‍ തള്ളണമെന്ന നിലപാടും സ്വീകരിച്ചു. ഭൂരിപക്ഷ വിധിയോട് കടുത്ത വിയോജിപ്പാണ് ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും രേഖപ്പെടുത്തിയത്. ഭരണഘടന വിശുദ്ധ ഗ്രന്ഥമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. വിയോജന വിധി എഴുതിയ ചന്ദ്രചൂഡ് വിധിക്ക് കേരള സര്‍ക്കാര്‍ പ്രചാരണം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന അക്രമ സമരങ്ങള്‍ക്കെതിരെ ജസ്റ്റിസ് നരിമാന്‍ രൂക്ഷമായ വിമര്‍ശനമാണ് ഭിന്നവിധിയില്‍ നടത്തിയത്. സമരം ഭരണഘടനാ വിരുദ്ധമാണെന്നാണ് നരിമാന്റെ വിധിയില്‍ പറയുന്നു.  ശബരിമലയിലെ യുവതി പ്രവേശനവും മറ്റു സമുദായങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് നരിമാന്റെ ഭിന്നവിധിയില്‍ പറയുന്നു.

ശബരിമല പുനഃപരിശോധന ഹര്‍ജികളുടെ ഭാവി തീരുമാനിക്കുന്നത് അടുത്ത ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ രൂപീകരിക്കുന്ന ബെഞ്ചിന്റെ സ്വഭാവമായിരിക്കും. ഇതില്‍ അദ്ദേഹം ഉള്‍പ്പെടുത്തുന്ന ജഡ്ജിമാരുടെ നിലപാടുകളായിരിക്കും കേസില്‍ നിര്‍ണായകമാകുക.

LIVE BLOG

Content Highlights: Sabarimala Malayalam news, Sabarimala live, Sabarimala Women Entry,Sabarimala live updates