പ്രതീകാത്മക ചിത്രം | മാതൃഭൂമി
ശബരിമല: ശബരിമല തീർഥാടകരിൽനിന്ന് അധികനിരക്ക് ഈടാക്കുന്നതിൽ സംസ്ഥാന സർക്കാരിന് രണ്ടുനയം. അധികനിരക്ക് റെയിൽവേ വാങ്ങുന്നതിനെ എതിർക്കുകയും കെ.എസ്.ആർ.ടി.സി. വാങ്ങുന്നതിനെ ന്യായീകരിക്കുകയും ചെയ്യുകയാണ്.
അധികനിരക്ക് ഈടാക്കുന്നത് ചൂഷണമാണെന്ന് കാണിച്ച് സംസ്ഥാനത്ത് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്‌മാൻ, കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചതിനെത്തുടർന്നാണ് സർക്കാരിന് ഇരട്ടത്താപ്പെന്ന ആരോപണമുയർന്നത്. കെ.എസ്.ആർ.ടി.സി. അധികനിരക്ക് ഈടാക്കുന്നെന്ന് ആരോപിക്കുന്ന സംഘപരിവാർ സംഘടനകൾ റെയിൽവേ അധികനിരക്ക് ഈടാക്കുന്നതിനെ എതിർക്കുന്നുമില്ല.
റെയിൽവേയെ ആശ്രയിക്കുന്നവരിലേറെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. സാധാരണക്കാരും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരും ആശ്രയിക്കുന്നത് തീവണ്ടിയായതിനാൽ നിരക്ക് കുറയ്ക്കണമെന്നാണ് മന്ത്രി അയച്ച കത്തിലെ ആവശ്യം.എന്നാൽ, കേരളത്തിലെ സാധാരണക്കാരായ തീർഥാടകർ കൂടുതലായി ആശ്രയിക്കുന്നത് കെ.എസ്.ആർ.ടി.സി.യെയാണ്.30 ശതമാനം അധികനിരക്ക് ഈടാക്കിയാണ് ശബരിമല സർവീസുകൾ നടത്തുന്നത്.
സംസ്ഥാനത്തെ 53 ഉത്സവങ്ങൾക്ക് അധികനിരക്ക് ഈടാക്കാൻ കെ.എസ്.ആർ.ടി.സി.ക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ശബരിമലയുടെ കാര്യത്തിൽ, മലമ്പാത എന്ന പേരിലുള്ള അധികനിരക്കും ഈടാക്കാൻ അനുമതിയുണ്ട്. റെയിൽവേയുടെയും ഇതേ രീതിതന്നെയാണ്. ഫെസ്റ്റിവൽ സ്പെഷ്യൽ തീവണ്ടി പ്രഖ്യാപിച്ച്, പ്രത്യേക നിരക്ക് ഈടാക്കാൻ റെയിൽവേ ബോർഡും അനുമതി നൽകിയിട്ടുണ്ട്. കാലങ്ങളായി റെയിൽവേ തുടരുന്നതും ഇതാണ്.
രണ്ടുകൂട്ടരും അധികനിരക്ക് ഈടാക്കാനുള്ള വ്യവസ്ഥ ഉണ്ടാക്കി നടപ്പാക്കിയശേഷമാണ് മുഖംരക്ഷിക്കാനുള്ള ആരോപണങ്ങളുമായി എത്തുന്നത്. കെ.എസ്.ആർ.ടി.സി. അധികനിരക്ക് ഈടാക്കുന്നെന്ന പരാതിയിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി സർക്കാരിന്റെ വിശദീകരണംതേടിയിട്ടുണ്ട്.
ശബരിമല സീസൺ തുടങ്ങുന്നതിനുമുമ്പ് പമ്പയിലേക്ക് നാലുസ്ഥലങ്ങളിൽനിന്ന് ഉണ്ടായിരുന്ന ഫാസ്റ്റ് പാസഞ്ചർ സർവീസുകളുടെ ഇപ്പോഴത്തെ നിരക്കും അന്നത്തെ നിരക്കും (ബ്രാക്കറ്റിൽ) ഇങ്ങനെ:- തിരുവനന്തപുരം-294 (206), കൊട്ടാരക്കര-195 (152), പന്തളം-164 (133), പത്തനംതിട്ട-143 (112).
Content Highlights: sabarimala railway over rate ksrtc v abdurrahman union railway minister aswini vaishnav
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..