കോഴിക്കോട്: ശബരിമല വിഷയത്തില്‍ നടത്തുന്ന സമരം യുവതി പ്രവേശനത്തിനെതിരല്ലെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് വി.ഗോപാലന്‍ കുട്ടി. ഇപ്പോള്‍ നടക്കുന്ന സമരത്തിന്റേയും പ്രതിഷേധത്തിന്റേയും അടിസ്ഥാനം യുവതി പ്രവേശിക്കണോ വേണ്ടയോ എന്നതല്ല. അങ്ങനെയാണെന്ന് എല്ലാവരും വ്യാഖ്യാനിക്കുകയാണ്. ശബരിമലയെ തകര്‍ക്കാനുള്ള നിരീശ്വരവാദികളുടേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെയും ഗൂഢപ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനെതിരെയാണ് സമരമെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി നടപ്പാക്കാന്‍ ധൃതികാണിക്കുന്നതിന് മുമ്പ് തന്ത്രിയേയും രാജകുടുംബത്തേയും കണ്ട് ആലോചനകള്‍ നടത്തണമായിരുന്നു. അവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് കോടതി വിധി നടപ്പാക്കേണ്ടതെന്നും ഗോപാലന്‍ കുട്ടി പറഞ്ഞു.

സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരമല്ല തങ്ങളുടേതെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നെങ്കിലും പിന്നീട് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹം രംഗത്തെത്തിയിരുന്നു.

Content Highlights: Sabarimala protest-Rss-Goplan Kutty-Sreedharan pillai