കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തിദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്‌പ്രേ അടിച്ചയാള്‍ പിടിയില്‍. ഹിന്ദു ഹെല്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് ആണ് പൊലീസ് കസ്റ്റഡിയില്‍ ആയത്.

പ്രതിഷേധക്കാര്‍ ബിന്ദുഅമ്മിണിക്കുനേരെ മുളകു സ്‌പ്രേ അടിക്കുന്ന വീഡിയോ  മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. 

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയ തൃപ്തിദേശായി കൊച്ചിയിലെത്തിയതിനെ തുടര്‍ന്ന് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ രാവിലെ മുതല്‍ പ്രതിഷേധം തുടരുകയാണ്.ഇവിടെ വെച്ചാണ് ബിന്ദു അമ്മണിക്കു നേരെ മുളകു സ്പ്രേ പ്രയോഗിക്കുന്നത്. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. 

ഇത്തരത്തില്‍ ശബരിമല ദര്‍ശനത്തിന് സംഘം എത്തുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തൃപ്തി ദേശായിയും സംഘവും കമ്മീഷണറുടെ ഓഫീസിലുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും നാലംഗ സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. 

content highlights: Sabarimala Protest, Person attacked bindu ammini with chilli spray detained,Sabarimala women entry protest