നിലയ്ക്കല്‍: സന്നിധാനത്ത് നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിന് എത്തിയ ആരോഗ്യവകുപ്പിലെ വനിതാ ഉദ്യോഗസ്ഥരെ ദേവസ്വം ഗാര്‍ഡ് പരിശോധിച്ചു. വനിതാ ഉദ്യോഗസ്ഥരുടെ പ്രായം അടക്കമുള്ള വിവരങ്ങള്‍ ദേവസ്വം ഗാര്‍ഡ് എഴുതിവെക്കുകയും ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടുകയും ചെയ്തു.

അവലോകന യോഗത്തിനെത്തിയ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ജീവനക്കാരോടാണ് ഗാര്‍ഡുമാര്‍ രേഖകള്‍ ആവശ്യപ്പെട്ടത്. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ ജെ റീന, വെക്ടര്‍ ബോണ്‍ ഡിസീസ് അഡീ. ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നിവരെയാണ് നിലയ്ക്കലില്‍ പ്രായം പരിശോധിച്ചത്.

രണ്ട് ഉദ്യോഗസ്ഥര്‍ക്കും 50 വയസ്സിന് മുകളിലാണ് പ്രായം എന്ന കാര്യം വ്യക്തമായതിനു ശേഷമാണ് പ്രവേശിപ്പിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുപ്രീം കോടതി വധി വരുന്നതിന് മുന്‍പുണ്ടായിരുന്ന പരിശോധനകള്‍ തുടരുകയാണ്. വിധിക്കു ശേഷവും ഇത്തരം പരിശോധന ആവശ്യമുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതാണെന്നും ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.