ഓടിയെത്തിയ നാട്ടുകാർ കണ്ടത് തകർന്ന ബസിൽ നിന്ന് എട്ടുവയസുകാരനെ എടുത്ത് പുറത്തേക്ക് വരുന്ന തീർഥാടകരെ..


ബസ് ഉയർത്താനായുള്ള ക്രെയിൻ വളരെ താമസിച്ചാണ് ഇലവുങ്കൽ, നിലയ്ക്കൽ എന്നിവിടങ്ങളിൽനിന്നു എത്തിയത്. അപകടസ്ഥലത്ത് എത്തിയപ്പോഴാണ് ബസിനടിയൽ ആളുകൾ കുടുങ്ങിക്കിടക്കുന്ന വിവരം ക്രെയിൻ ഓടിച്ചവർ അറിയുന്നത്. രണ്ടിടത്തുനിന്നും ക്രെയിൻ പുറപ്പെട്ട ശേഷമാണ് അധികൃതർ ഇക്കാര്യം ഓർക്കുന്നത്.

• ളാഹ വിളക്കുവഞ്ചിയിൽ മറിഞ്ഞ ബസിൽനിന്ന് സ്വാമിമാരെ പുറത്തെടുക്കുന്നു. • ആന്ധ്രയിൽനിന്നുള്ള ശബരിമലതീർഥാടകരുടെ ബസ് ശനിയാഴ്ച രാവിലെ ളാഹ വിളക്കുവഞ്ചിയിൽ മറിഞ്ഞപ്പോൾ. സമീപം ക്രാഷ് ബാരിയറും കാണാം | ഫോട്ടോ. കെ. അബൂബക്കർ

പത്തനംതിട്ട: ളാഹ വിളക്കുവഞ്ചി വളവിൽ ബസ് മറിയാൻ കാരണം ഡ്രൈവർ ടോപ് ഗിയറിൽ ഓടിച്ചതിനാലാണെന്ന് മോട്ടോർ വാഹനവകുപ്പ്. അപകടത്തിൽ പെട്ട വാഹനം ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. ടോപ് ഗിയറിലായിരുന്ന ബസ് വളവും ഇറക്കവും കണ്ട് പെട്ടെന്ന് വെട്ടിച്ചതാണ് അപകടകാരണമെന്ന് സേഫ്സോൺ സ്പെഷ്യൽ ഓഫീസർ പി.ഡി. സുനിൽബാബു പറഞ്ഞു. നിറയെ ആളുകളെവെച്ച് കൊടുവളവുകളിലൂടെ വാഹനമോടിക്കുന്നത് സൂക്ഷ്മതയോടെ വേണം. ബസ് ഓടിച്ച ഡ്രൈവർ ഈ സൂക്ഷ്മത കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവർക്ക് ഉറക്കക്ഷീണവും ഉണ്ടായിരുന്നു.

ബസ് ഉയർത്താനായുള്ള ക്രെയിൻ വളരെ താമസിച്ചാണ് ഇലവുങ്കൽ, നിലയ്ക്കൽ എന്നിവിടങ്ങളിൽനിന്നു എത്തിയത്. അപകടസ്ഥലത്ത് എത്തിയപ്പോഴാണ് ബസിനടിയൽ ആളുകൾ കുടുങ്ങിക്കിടക്കുന്ന വിവരം ക്രെയിൻ ഓടിച്ചവർ അറിയുന്നത്. രണ്ടിടത്തുനിന്നും ക്രെയിൻ പുറപ്പെട്ട ശേഷമാണ് അധികൃതർ ഇക്കാര്യം ഓർക്കുന്നത്. തുടർന്ന് ഡ്രൈവർമാരെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും റേഞ്ച് ഇല്ലാതിരുന്നത് തിരിച്ചടിയായി. ഇലവുങ്കലിൽനിന്ന് മോട്ടോർ വാഹനവകുപ്പിന്റെയും, നിലയ്ക്കലിൽനിന്ന് പോലീസിന്റെയും ക്രെയിനാണ് എത്തിയത്.പരിക്കേറ്റ മിക്കവർക്കും ആന്തരികക്ഷതം

പത്തനംതിട്ട: ളാഹയിൽ ബസ് മറിഞ്ഞ് പരിക്കേറ്റ തീർഥാടകരിൽ ഭൂരിഭാഗം പേർക്കും നെഞ്ചിനും വയറിലും ആന്തരികക്ഷതമേറ്റതായി ആർ.എം.ഒ. ഡോ. ആശിഷ് മോഹൻകുമാർ പറഞ്ഞു. കുറേയധികം പേരുടെ കൈകാലുകൾ ഒടിഞ്ഞു. താടിയെല്ലിനും പരിക്കുണ്ട്. ഒരുകുട്ടിയുടെ തലയ്ക്ക് നേരിയ പരിക്കുണ്ട്.

പരിക്കേറ്റവർ‌ക്ക് ജനറൽ ആശുപത്രിയിലെ ശബരിമല വാർഡിൽ പതിനെട്ടോളം ഡോക്ടർമാരുടെയും സ്റ്റാഫ്നഴ്സ് അടക്കമുള്ള മറ്റ് ജീവനക്കാരുടെയും നേതൃത്വത്തിൽ പരിചരണം നൽകി. രക്തപരിശോധന, എക്സ്‌റേ, സി.ടി. സ്കാൻ തുടങ്ങിയ പരിശോധനകളും നടത്തി. കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ എട്ടുവയസ്സുകാരൻ മണികണ്ഠന് കരളിനാണ്‌ ക്ഷതമേറ്റത്. ബസ് മറിഞ്ഞപ്പോൾ ആളുകൾ മുകളിൽവന്ന് വീണപ്പോഴുണ്ടായ ക്ഷതമാണിതെന്ന് ഡോക്ടർമാർ പറഞ്ഞു. കൈകാലുകൾക്കും നട്ടെല്ലിനും പരിക്കുണ്ട്. രാജേഷ്, രാജശേഖരൻ, ഗോപൻ, തരുൺ എന്നിവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.

ഒൻപത് മണിയോടെ ആംബുലൻസിലെത്തിച്ചവരെ അതീവഗുരുതരം, ഗുരുതരം, നിസ്സാരപരിക്ക് എന്നിങ്ങനെ തരംതിരിച്ചായിരുന്നു പരിശോധന നടത്തിയത്. ഇതിൽ അതീവ ഗുരുതരാവസ്ഥ കണ്ടെത്തിയ അഞ്ചുപേരെ പ്രാഥമിക ശുശ്രൂഷകൾനൽകി കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു. ബാക്കിയുള്ളവരെ ഇവിടെ തന്നെ ചികിത്സിച്ചു. ശബരിമല വാർഡിലെ കിടക്ക തികയാതെ വന്നതോടെ മുകളിലത്തെ നിലയിലുള്ള കണ്ണിന്റെ വാർഡിലും പ്രവേശിപ്പിച്ചു. തീർഥാടകർക്കുള്ള ഭക്ഷണം ആശുപത്രി ജീവനക്കാരും സന്നദ്ധസംഘടനകളും എത്തിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതാകുമാരി, എൻ.എച്ച്.എം. ഡി.പി.എം. ഡോ. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

ജനറൽ ആശുപത്രിയിലെ ഡോക്ടർമാരായ ബെറ്റി വി.ബാബു, സുരേഷ്, ബെൻ റോയി, അനുലക്ഷ്മി, ലക്ഷ്മിരേഖ, ശാന്തി, രാജേഷ് കുമാർ, കെ.കെ. രാജീവ്, ഉമ്മൻ തോമസ്, അഹമ്മദ് സഹീർ, സജിത്ത് എന്നിവരെ കൂടാതെ കോന്നി മെഡിക്കൽ കോളേജിൽനിന്നു സൂപ്രണ്ട് സി.വി.രാജേന്ദ്രൻ, സുനീഷ്, ധന്യ, ശ്രീജിത്ത്, നീന ദേവസ്യ, അലീന എന്നിവരാണ് തീർഥാടകരെ പരിചരിച്ചത്.

രണ്ട് സീനിയർ റെസിഡന്റ് ഡോക്ടർമാരും ഏഴ് ജൂനിയർ റെസിഡന്റ് ഡോക്ടർമാരും എത്തിയിരുന്നു. പത്തനംതിട്ട ഡിവൈ.എസ്.പി. ആർ. നന്ദകുമാറിന്റെയും എസ്.എച്ച്.ഒ. ജിബു ജോണിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘവും ആശുപത്രിയിലെത്തിയിരുന്നു.

ബസിനടിയിൽപ്പെട്ടവരെ പുറത്തെടുക്കാൻ വൈകി; ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത് ഒപ്പമുണ്ടായിരുന്നവർ

: പത്തുപേർ ബസിനടിയിൽപ്പെട്ടെന്നായിരുന്നു ആദ്യം വാർത്ത പരന്നത്. എന്നാൽ മൂന്നുപേർ മാത്രമേ വാഹനത്തിനടിയിൽപ്പെട്ടിരുന്നുള്ളൂ. ഇവരെ പുറത്തെടുക്കാനാകാത്തതായിരുന്നു നേരിട്ട വലിയ പ്രശ്‌നം. ബസ് ഉയർത്താൻ ഇലവുങ്കലിൽനിന്നു ഹൈഡ്രോളിക് ക്രെയിൻ എത്തിക്കേണ്ടിവന്നു. അപ്പോഴേക്കും അപകടം നടന്ന് ഒരു മണിക്കൂർ പിന്നിട്ടു.

ളാഹ വിളക്കുവഞ്ചിയിൽ അപകടമുണ്ടായ വളവ്. 'റ' ആകൃതിയിലുള്ളതാണ്‌ ഇവിടുത്തെ വളവ്‌. അപകടത്തിൽപ്പെട്ട ബസ്‌ ഉയർത്തുന്നതും കാണാം

ബസ് മറിഞ്ഞപ്പോൾ അതിൽനിന്നു ആദ്യം പുറത്തിറങ്ങിയവർ തന്നെയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. ചെറിയ പരിക്കുള്ളവരും അത് കണക്കിലെടുക്കാതെ മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. ബസ് വലതുഭാഗത്തേക്ക് മറിഞ്ഞതിനാൽ ആ വശത്തെ സീറ്റിലിരുന്നവരിൽ പലർക്കുമാണ് സാരമായി പരിക്കേറ്റത്. ഓരോരുത്തരെയും എടുത്ത് പുറത്തിറക്കുമ്പോഴേക്കും സമീപമുള്ള സ്ഥലങ്ങളിലുള്ളവർ ഓടിയെത്തി. കച്ചവടത്തിനായി ഷെഡ് കെട്ടുന്നവരും തോട്ടത്തിൽ ജോലിക്കെത്തിയവരുമാണ് ആദ്യം എത്തിയത്. സാരമായി പരിക്കേറ്റ് അബോധവസ്ഥയിലായ എട്ടുവയസ്സുകരൻ മണികണ്ഠനെ ഒരാൾ ബസിൽനിന്ന് എടുത്തുകൊണ്ട് പുറത്തേക്കുവരുന്ന കാഴ്ചയാണ് അവിടെ ആദ്യം ഓടിയെത്തിയവരിൽപെട്ട പുതുക്കട സ്വദേശികളായ കെ.എ.ബേബിയും കുഞ്ഞൂഞ്ഞും കണ്ടത്.

ഓട്ടോറിക്ഷയിലാണ് കുട്ടിയെ പെരുനാട് ആശുപത്രിയിലേക്ക് അയച്ചത്. അപകടസ്ഥലത്തുനിന്നു 100 മീറ്റർ അകലെ കൈതച്ചക്ക കച്ചവടത്തിനായി ഷെഡ് നിർമിക്കുമ്പോഴാണ് വലിയ ശബ്ദം കേൾക്കുന്നത്. ഉടൻ അവിടെ ഓടിയെത്തി. സമീപസ്ഥലങ്ങളിലുണ്ടായിരുന്ന വിനു, കണ്ണൻ, ജയപ്രകാശ്, രമേശ്, മുരുകൻ, വിഷ്ണു, രഞ്ജിത്ത എന്നിവരൊക്കെ അപകടസ്ഥലത്ത് ആദ്യം എത്തിയവരാണ്. ഇവരെല്ലാം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

പോലീസിലും അഗ്‌നിരക്ഷാസേനയിലും ഓടിക്കൂടിയവരാണ് വിവരമറിയിച്ചത്. ഈ സമയം പമ്പയിലേക്ക് പോകുകയായിരുന്ന സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും ജില്ലാ സെക്രട്ടേറിയറ്റംഗം ഹർഷകുമാറും സംഭവമറിഞ്ഞ മുൻ എം.എൽ.എ. രാജു ഏബ്രഹാമും മന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരെയും മറ്റ് ജനപ്രതിനിധികളെയും വിവരം അറിയിച്ചു. വൈകാതെ രാജാമ്പാറ സ്റ്റേഷനിൽ നിന്നും വനപാലകരും പെരുനാട്, വടശ്ശേരിക്കര പോലീസ് ഇൻസ്‌പെക്ടർമാരായ സണ്ണിക്കുട്ടി, രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസും വിവിധ സ്ഥലങ്ങളിൽനിന്നും അഗ്നിരക്ഷാസേനയും എത്തി.

• പരിക്കേറ്റ അയ്യപ്പന്മാർ ബസിൽനിന്ന്‌ പുറത്തേക്കുവരുന്നു

പരിക്കേറ്റ എട്ടുവയസ്സുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും

പത്തനംതിട്ട: ളാഹയിലെ ബസപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എട്ടു വയസ്സുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

38 പേരാണ് നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലുള്ളത്. ബസിലുണ്ടായിരുന്ന പരിക്കേൽക്കാത്തവർക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കി. അവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ഉൾപ്പെടെയുള്ള ക്രമീകരണങ്ങളൊരുക്കും. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ എം.മഹാജൻ, നിലയ്ക്കൽ സ്‌പെഷ്യൽ ഓഫീസർ ഹേമലത എന്നിവരുടെ നേതൃത്വത്തിൽ പോലീസ്, അഗ്നിരക്ഷാസേന, മോട്ടോർ വാഹനവകുപ്പ്, വനംവകുപ്പ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.

രണ്ടു ബസുകളിലായി എത്തിയത് 84പേർ

ആന്ധ്രയിൽനിന്നു രണ്ടുബസുകളിലായി ആകെ 84 തീർഥാടകരാണ് ശബരിമലയിലേക്ക് എത്തിയത്. ദർശനം കഴിഞ്ഞ് മടങ്ങിയപ്പോൾ മുന്നിലുണ്ടായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മോട്ടോർ വാഹനവകുപ്പിന്റെ ക്യുക്ക് റെസ്പോൺസ് ടീമാണ് ആദ്യമെത്തിയത്. ഇവരുടെ വാഹനത്തിൽ തന്നെ പരിക്കേറ്റവരെ പെരുനാട് ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ് എന്നിവരുടെ കൂടുതൽ ആംബുലൻസ് എത്തി. പിന്നിലത്തെ ബസിലുണ്ടായിരുന്നവരെ പെരുനാട് കൂനങ്കര ശബരി ശരണാശ്രമത്തിലേക്ക് മാറ്റി. വൈകീട്ടോടെ ഇൗ ബസിലുണ്ടായിരുന്നവർ മാത്രം സ്വദേശത്തേക്ക് മടങ്ങി. അപകടത്തിൽപ്പെട്ടവരുടെ സാധനങ്ങൾ മോട്ടോർ വഹനവകുപ്പ് പെരുനാട് ശബരി ശരണാശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

വിളക്കുവഞ്ചി വളവിൽ സുരക്ഷാ ക്രമീകരണങ്ങളൊന്നും നടപ്പാക്കിയില്ല

ളാഹ: മണ്ണാറക്കുളഞ്ഞി-പമ്പ ശബരിമലപാതയിൽ നിരവധി അപകടങ്ങൾ നടന്ന ളാഹ വിളക്കുവഞ്ചി വളവിൽ ഇക്കുറി സുരക്ഷാ ക്രമീകരണങ്ങളൊന്നും നടപ്പാക്കിയില്ല. വളവിലെ ബ്ലിങ്കിങ് ലൈറ്റുകൾ പ്രവർത്തനരഹിതമാണ്. അപകടങ്ങൾ തുടർച്ചയായി നടന്നപ്പോൾ റോഡിന് നടുക്ക് സ്ഥാപിച്ച ഫ്ലക്സിബിൾ സ്പ്രിങ് പോസ്റ്റുകൾ ഒന്നും ഇപ്പോഴില്ല. മിക്കവയും വാഹനങ്ങൾ ഇടിച്ച് കളയുകയായിരുന്നു. തീർഥാടനത്തിന് ഇവ സ്ഥാപിക്കണമെന്ന് മോട്ടോർ വാഹനവകുപ്പിനോട് നിർദേശിച്ചിരുന്നതാണെങ്കിലും നടന്നില്ല.

നേരത്തേ വളവിനിരുവശത്തും ഹംപുകൾ സ്ഥാപിച്ചിരുന്നു. അതും ഇപ്പോഴില്ല. അടുത്തെത്തുമ്പോഴാണ് കൊടും വളവാണെന്ന് റോഡ് പരിചയമില്ലാത്തവർ അറിയുന്നത്. പെട്ടെന്ന് ബ്രേക്കിടുന്നതാണ് മിക്കപ്പോഴും അപകടത്തിന് കാരണം. ഇതുതന്നെയാണ് ശനിയാഴ്ച നടന്ന അപകടത്തിനും കാരണമെന്ന് പോലീസ് കരുതുന്നു. മഹാമാരി കാരണം രണ്ടുവർഷം വാഹനത്തിരക്ക് കുറവായിരുന്നതിനാൽ കാര്യമായ അപകടങ്ങളും ഉണ്ടായിട്ടില്ല. അതിന് മുൻ വർഷങ്ങളിലൊക്കെ വളവിൽ അപകടം തുടർച്ചയായിരുന്നു. വളവിൽ ഇരുമ്പുവേലി സ്ഥാപിച്ചതിനാൽ വാഹനങ്ങൾ താഴ്ചയിലേക്ക് മറിയാതിരിക്കാൻ സഹായകമായി.

തെരുവുവിളക്കുകളില്ല

ശബരിമലപാതയിൽ പെരുനാട് കൂനംകര മുതൽ ളാഹ വരെ തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടില്ല. അപകടം നടന്ന ഭാഗവും ഇതിൽപെടുന്നു. ഇത്രയും ദൂരം വൈദ്യുതി ലൈൻ വലിച്ചിട്ട് വർഷങ്ങളായെങ്കിലും തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടില്ല. രാത്രി അപകടം നടന്നാൽ രക്ഷാപ്രവർത്തനത്തിന് വെളിച്ചമില്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും.

അപകടത്തിന് തൊട്ടുപിന്നാലെ വളവിൽ വീതികൂട്ടൽ

ളാഹ: മറിഞ്ഞ ബസ് നീക്കി ഒരുമണിക്കൂറിനുള്ളിൽ വിളക്കുവഞ്ചി വളവിൽ റോഡിന്റെ വീതികൂട്ടി. പെരുനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്റെ നേതൃത്വത്തിലാണ് വീതി കൂട്ടൽ നടന്നത്. വളവിൽ ഹാരിസൺ തോട്ടത്തിന്റെ റോഡരികിലെ കയ്യാല ജെ.സി.ബി.ഉപയോഗിച്ച് ഇടിച്ചാണ് അഞ്ചടിയോളം വീതിയിൽ നിരപ്പാക്കിയത്. മന്ത്രി വീണാ ജോർജുമായി ഇക്കാര്യം സംസാരിച്ചശേഷമാണ് ഉടൻതന്നെ വീതികൂട്ടാൻ തീരുമാനിച്ചതെന്ന് പി.എസ്.മോഹനൻ പറഞ്ഞു. ഇടിച്ചഭാഗത്തെ മണ്ണ് പൂർണമായി നീക്കി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ മഴ സമയത്ത് മണ്ണ് റോഡിലേക്ക് ഒലിച്ചെത്താൻ സാധ്യതയുണ്ട്.

Content Highlights: Sabarimala pilgrims from Andhra Pradesh injured in bus accident in Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented