തിരുവനന്തപുരം: ശബരിമലയില്‍ പ്രതിദിന ഭക്തജനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്ത് നല്‍കി. മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിനം 1000 ഭക്തരെ പ്രവേശിപ്പിക്കുമെന്നാണ് തീരുമാനമെങ്കിലും നിലവില്‍ അത്രയും പോലും ആളുകള്‍ എത്തുന്നില്ല. ബുക്ക് ചെയ്ത പലരും വരാതിരിക്കുമ്പോഴും അയല്‍സംസ്ഥാനങ്ങളില്‍നിന്ന് നിരവധി പേര്‍ ദര്‍ശനത്തിന് അനുമതി തേടി ബോര്‍ഡിനെ സമീപിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. 

അതേസമയം, സാമൂഹിക അകലം പാലിച്ച് ശബരിമലയില്‍ പ്രതിദിനം പതിനായിരം പേര്‍ക്ക് ദര്‍ശനം നല്‍കാന്‍ സാധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പ്രതികരിച്ചു. ശബരിമലയില്‍ ഇപ്പോള്‍ ഭക്തജനസാന്നിധ്യം ഉള്ളതായി പോലും തോന്നുന്നില്ല, പമ്പാ സ്‌നാനം ഒഴിവാക്കി നെയ്യഭിഷേകത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത് ആചാരലംഘനമാണെന്നാണ് പ്രചരണം. എന്നാല്‍, നിയന്ത്രണത്തിനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. 

സാധാരണ മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിന വരുമാനം കോടികള്‍ കടക്കുമ്പോള്‍ ഇത്തവണ 10 ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്. തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവാതെ ഈ സാഹചര്യം മാറില്ല. അതിനാലാണ് സര്‍ക്കാരിന് കത്ത് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Sabarimala Pilgrimage 2020 N Vasu