തിരുവനന്തപുരം: ശബരിമലയില്‍ പോലീസ് സംരക്ഷണത്തില്‍  യുവതികളെ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്. യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നത് മറ്റ് വിശ്വാസികളുടെ അവകാശത്തെയും സുരക്ഷയെയും ബാധിക്കുന്നതായി നിരീക്ഷക സമിതി കണ്ടെത്തി. നിലവിലെ സ്ഥിതിയില്‍ നിഷ്‌കളങ്കരായ വിശ്വാസികള്‍ അപകടത്തില്‍പ്പെടാനും മരിക്കാനും വരെ സാധ്യതയുണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു. പോലീസ് നടപടികളില്‍ ആശങ്ക പ്രകടിപ്പിക്കുന്ന നിരീക്ഷക സമിതി റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസിന് ലഭിച്ചു.

മകരവിളക്ക് കാലത്ത് തിരക്ക് കൂടുമ്പോള്‍ ഭക്തര്‍ക്ക് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഒന്നോ രണ്ടോ യുവതികള്‍ക്ക് വേണ്ടി പോലീസ് സുരക്ഷ ഒരുക്കുന്നത് ഒഴിവാക്കണമെന്നും പ്രത്യേക സംരക്ഷണം വിശിഷ്ട വ്യക്തികള്‍ക്ക് മാത്രമായി ചുരുക്കണമെന്നും നിരീക്ഷക സമിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ശബരിമലയിലെ ക്രമസമാധാന ചുമതല പോലീസിനാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ശബരിമലയിലെ നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ദേവസ്വം മന്ത്രിക്കെതിരേയും പരാമര്‍ശമുണ്ട്. ചില കേന്ദ്രങ്ങള്‍ നിരീക്ഷക സമിതിക്കെതിരേ നിരന്തരം വിമര്‍ശിക്കുന്നതായും, യുവതീപ്രവേശനത്തില്‍ ആരും സമിതിയോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും നിരീക്ഷക സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 

Content Highlights: sabarimala observation committee report against police actions