ശബരിമല: വിഷുപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. 14-ന് പുലര്‍ച്ചെ അഞ്ചിനാണ് വിഷുക്കണി ദര്‍ശനം. ഭഗവാനെ കണി കാണിച്ച ശേഷമാണ് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശിക്കാനുള്ള അവസരം നല്‍കുക.

നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ തുടങ്ങിയവ നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉണ്ടാകും. 18 -ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 10,000 പേര്‍ക്ക് വീതമാണ് പ്രതിദിനം ദര്‍ശനത്തിന് അനുമതി.

രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് ദര്‍ശനത്തിനെത്താം. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍. ടി. പി.സി. ആര്‍. പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഞായറാഴ്ച വൈകിട്ട് ദര്‍ശനത്തിനായി എത്തും.