എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്കു മുന്നില്‍ കൈകൂപ്പി നിയുക്ത ശബരിമല മേല്‍ശാന്തി


ഇ.വി. ജയകൃഷ്ണന്‍

കാഞ്ഞങ്ങാട് അമ്പലത്തറയിലെ സ്‌നേഹവീട്ടില്‍ ദുരിതബാധിതര്‍ക്കിടയിലേക്കു കയറിവന്ന ജയരാമന്‍ നമ്പൂതിരി ഓരോ കുട്ടിയേയും അനുഗ്രഹിച്ചു

കാഞ്ഞങ്ങാട് അമ്പലത്തറയിലെ സ്നേഹ വീട്ടിലെത്തിയ നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരി ദുരിതബാധിതരെ അനുഗ്രഹിക്കുന്നു | ഫോട്ടോ: രാമനഥ് പൈ/മാതൃഭൂമി

കാഞ്ഞങ്ങാട്: 'എന്റെ പൊന്നുമോനെ ശബരിമലയില്‍ കൊണ്ടുപോകണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ ജന്മത്തില്‍ അതു സാധിക്കുമെന്ന് തോന്നുന്നില്ല', എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ മകനെ ചേര്‍ത്തു പിടിച്ചും വിതുമ്പിയും അമ്മ പറഞ്ഞപ്പോള്‍, നിയുക്ത ശബരിമല മേല്‍ശാന്തി കൊട്ടാരം ജയരാമന്‍ നമ്പൂതിരിയുടെ കണ്ണു നിറഞ്ഞു. ആ മകന്റെ തലയില്‍ കൈവച്ചനുഗ്രഹിച്ച് പറഞ്ഞു, 'ഈ കണ്ണീര്‍ അയ്യപ്പന്‍ കാണാതിരിക്കില്ല...'

കാഞ്ഞങ്ങാട് അമ്പലത്തറയിലെ സ്‌നേഹവീട്ടില്‍ ദുരിതബാധിതര്‍ക്കിടയിലേക്കു കയറിവന്ന ജയരാമന്‍ നമ്പൂതിരി ഓരോ കുട്ടിയേയും അനുഗ്രഹിച്ചു. ഇവരെ പരിചരിക്കുന്ന അമ്മമാര്‍ക്കും സ്‌നേഹവീട് പ്രവര്‍ത്തകര്‍ക്കും മുന്‍പില്‍ കൈകൂപ്പി അദ്ദേഹം പറഞ്ഞു-' ഇതിനേക്കാള്‍ വലിയൊരു ഈശ്വരാരാധനയില്ല. സ്‌നേഹിക്കാനും സഹായിക്കാനുമുള്ള മനസുകളില്‍ ഈശ്വര ചൈതന്യം വര്‍ധിക്കും. ജാതിക്കും മതത്തിനുമൊക്കെ എന്തു പ്രസക്തി. ഈ കുട്ടികളെ കാണുമ്പോള്‍ ഉണ്ടാകുന്ന ഹൃദയ വേദന എത്രത്തോളമെന്ന് പറയാനാകുന്നില്ല. ആരോഗ്യമുള്ള മനസും രോഗമില്ലാത്ത ശരീരവും ലഭിക്കണേയെന്നാണ് എല്ലാവരും ഈശ്വരനോട് പ്രാര്‍ഥിക്കുന്നത്. ഇവര്‍ക്കു പ്രാര്‍ഥിക്കാനാകില്ല. ആ ദൗത്യം നിര്‍വഹിക്കുന്ന നിങ്ങള്‍ക്കൊപ്പം എന്റെ പ്രാര്‍ഥനയുമുണ്ട്'. 'ഈശ്വര സ്വരൂപികളേ' എന്നു വിളിച്ചാണ് ദുരിതബാധിതരെ അനുഗ്രഹിച്ചത്. ഈകുട്ടികളില്‍ അഭൗമമായ ചൈതന്യം നിറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഈശ്വര സ്വരൂപികളേയെന്നു വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.തിങ്കളാഴ്ച വൈകീട്ടാണ് ജയരാമന്‍ നമ്പൂതിരി ഇവിടെയെത്തിയത്. ജില്ലയുടെ പലഭാഗത്തു നിന്നുള്ള ദുരിത ബാധിതരും അവരുടെ അമ്മമാരും സ്നേഹവീട്ടിലുണ്ടായിരുന്നു. അമ്മമാരുടെ തോരാക്കണ്ണീരിനു മുന്നില്‍ ജയരാമന്‍ നമ്പൂതിരിയുടെ കണ്ണുകളും നിറഞ്ഞൊഴുകി. ആശ്വസിപ്പിക്കുന്ന വാക്കുകള്‍ പറയുമ്പോള്‍ കണ്ഠമിടറി. ശബരിമലയിലെത്തിയാല്‍ ഈ കുട്ടികള്‍ക്കുവേണ്ടി തീര്‍ച്ചയായും പ്രാര്‍ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭഗവത്ഗീതയിലേയും ഭാഗവതത്തിലെയും ശ്ലോകങ്ങള്‍ ഉദ്ധരിച്ചായിരുന്നു ആശ്വാസവാക്കുകള്‍ ചൊരിഞ്ഞത്. കാഴ്ചയില്ലെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന മുനീസ അമ്പലത്തറയെ പരിചയപ്പെടുത്തിയപ്പോള്‍, ഇതാണ് യഥാര്‍ഥ ദൈവികതയെന്നായിരുന്നു മേല്‍ശാന്തിയുടെ മറുപടി.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കാണണമെന്ന ആഗ്രഹം ആധ്യാത്മിക പ്രഭാഷകനും ജ്യോതിഷ പണ്ഡിതനുമായ ദൈവജ്ഞ തിലകം വി.വി.മുരളീധരവാര്യരോടായിരുന്നു മേല്‍ശാന്തി അറിയിച്ചത്. എന്‍ഡോസള്‍ഫാന്‍ സമരപ്രവര്‍ത്തകന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണനെ വിളിച്ച് മുരളീധര വാര്യര്‍ അതിനുള്ള സൗകര്യമൊരുക്കുകയായിരുന്നു. മോഹനന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ശിവപ്രസാദ് നമ്പൂതിരി, രാഹുല്‍ എളയാവൂര്‍, പി.വി. സംഗീത് എന്നിവരും മേല്‍ശാന്തിക്കൊപ്പമുണ്ടായിരുന്നു. സ്നേഹവീടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇപ്പൊഴും നടക്കുന്ന സമരങ്ങളെക്കുറിച്ചും അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ വിവരിച്ചു.

Content Highlights: Sabarimala Melshanthi Kottaram Jayaraman namboodiri Endosulfan kasaragod


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented