തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തിലുണ്ടായ സുപ്രീംകോടതി വിധിക്കെതിരേ നല്‍കിയ റിവ്യൂഹര്‍ജി ഉടന്‍ വാദത്തിനെടുക്കണമെന്ന് സര്‍ക്കാര്‍ ഹര്‍ജി നല്‍കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. വിധി അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത നടപടികള്‍ കേരളീയ സമൂഹത്തിലുണ്ടാക്കിയ മുറിവ് ശാശ്വതമായി ഉണക്കാന്‍ നിയമനടപടിവേണമെന്ന് അദ്ദേഹം കത്തില്‍പറഞ്ഞു.

സുപ്രീംകോടതിയില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ 2016-ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം, കേരള ഹൈക്കോടതിയുടെ 1991-ലെ വിധി, 1950-ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31-ാം വകുപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഹര്‍ജിയാണ് നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഹര്‍ജി വാദത്തിനുവന്നപ്പോള്‍ ഇടതുസര്‍ക്കാര്‍ നിയമപരമായും വസ്തുതാപരമായുമുള്ള യാഥാര്‍ഥ്യങ്ങള്‍ വിസ്മരിച്ചും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിലപാടുകള്‍ക്ക് കടകവിരുദ്ധമായുമുള്ള സമീപനം കൈക്കൊണ്ടു. അതിനാലാണ് ഇത്തരമൊരു വിധിവന്നത്. അയ്യപ്പഭക്തര്‍ക്കനുകൂലമായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, വിധിക്കുശേഷം നിലപാടുമാറ്റിയത് സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍കൊണ്ടാണ് -ഉമ്മന്‍ചാണ്ടി പറഞ്ഞു.

Content Highlights: petition should be filed immediately