നിലയ്ക്കല്‍: സന്നിധാനത്തേക്ക് പോകുന്നതിനായി നിലയ്ക്കലില്‍ എത്തിയ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റുചെയ്തു. സന്നിധാനത്തേക്ക് പോകുമെന്നും നെയ്യഭിഷേകം കഴിഞ്ഞേ മടങ്ങൂവെന്നും വ്യക്തമാക്കിക്കൊണ്ടാണ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം കാറില്‍ നിലയ്ക്കലില്‍ എത്തിയത്. എന്നാല്‍, ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി എസ്.പി യതീശ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ചീറ്റാര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

കരുതല്‍ തടങ്കലിലാണ് അദ്ദേഹം ഇപ്പോള്‍. എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കെ. സുരേന്ദ്രനുമായി ചര്‍ച്ച നടത്തുകയും ഇപ്പോള്‍ സന്നിധാനത്തേക്ക് പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. നാളെ ശബരിമലയിലേക്ക് പോകാമെന്നും പോലീസ് അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍, ദര്‍ശനം നടത്താന്‍ അവകാശമുണ്ടെന്നും തന്നെ തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും കെ സുരേന്ദ്രന്‍ പോലീസിനോട് പറഞ്ഞു.

പോലീസ് വെടിവെപ്പുണ്ടായാലും ശബരിമലയിലേക്ക് പോകുമെന്ന നിലപാടിലാണ് കെ സുരേന്ദ്രന്‍ സ്വീകരിച്ചത്. ഇതോടെയാണ് അദ്ദേഹം അടക്കമുള്ളവരെ കരുതല്‍ തടങ്കലില്‍വെക്കുന്നതിലേക്ക് പോലീസ് നീങ്ങിയത്. ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷ് അടക്കമുള്ളവരെയാണ് കെ സുരേന്ദ്രനൊപ്പം അറസ്റ്റ് ചെയ്തിട്ടുള്ളത്.

K Surendran

അതിനിടെ, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല വീണ്ടും സന്നിധാനത്തേക്ക് എത്തുമെന്ന് പോലീസിന് വിവരം ലഭിച്ചതോടെ നിലയ്ക്കലില്‍ അടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.