തിരുവനന്തപുരം: വിശ്വാസങ്ങളെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ശബരിമലയിലെ പോലീസ് നടപടികളെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. സുപ്രീംകോടതിവിധിയുടെ മറവില്‍ നിരീശ്വരവാദം പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ വിശ്വാസികളെ തമ്മിലടിപ്പിക്കുകയാണ്. ചോദിച്ചുവാങ്ങിയ വിധിയുടെ പരിണത ഫലങ്ങളാണ് ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രി ഉചിതമായ തീരുമാനം എടുത്തില്ലായിരുന്നെങ്കില്‍ കഴിഞ്ഞദിവസം ശബരിമലയില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടായേനെ. മന്ത്രിമാര്‍ക്കുപോലും ധരിക്കാന്‍ വിലക്കുള്ള പോലീസിന്റെ കവചവും തൊപ്പിയും യുവതികളെ അണിയിച്ചതില്‍ ദുരൂഹതയുണ്ട്.

ശബരിമലയില്‍ ഇപ്പോള്‍ എത്തുന്നത് വിശ്വാസികളായ യുവതികളല്ല. ഇരുമുടിക്കെട്ടില്‍ നെയ്ത്തേങ്ങയ്ക്ക് പകരം പേരക്കയും ഓറഞ്ചുമായിട്ടാണ് യുവതികള്‍ എത്തിയത്. 

ദേവസ്വം മന്ത്രിയെയും ബോര്‍ഡിനെയും നിയന്ത്രിക്കുന്നത് പാര്‍ട്ടിയാണ്. അഴിമതി മറയ്ക്കാന്‍ ശബരിമല വിഷയം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. തിരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാന്‍ നരേന്ദ്രമോദിയും പിണറായിയും ചേര്‍ന്ന് നടത്തുന്ന നാടകമാണിതെന്നും അദ്ദേഹം ആരോപിച്ചു