തിരുവനന്തപുരം: ശബരിമല വിഷയം സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് സങ്കീര്‍ണമാക്കിയതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. സുപ്രീംകോടതി വിധി ഭംഗിയായി കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതാണ്‌ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് കുറച്ചു കൂടി മെച്ചപ്പെട്ട സമീപനമാവാമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമായിരുന്നു. പകരം രാഷ്ട്രീയ മുതലെടുപ്പാണ് ശബരിമലയില്‍ നടന്നത്. ശബരിമല സംഘര്‍ഷ ഭൂമിയാക്കിയതില്‍ ഇടതുപക്ഷത്തിനും ബിജെപിക്കും പങ്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. 

വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധനവിലയും അവശ്യസാധനങ്ങളുടെ വിലയും നിയന്ത്രിക്കാന്‍ കഴിയാത്തത് കേന്ദ്രസര്‍ക്കാരിന്റെ പോരായ്മയാണെന്നും മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്തുണ്ടായിരുന്ന സാമ്പത്തിക വികസനം ഇപ്പോള്‍  നിശ്ചലമായ നിലയിലാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. 

അടുത്തു നടക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നല്ല പ്രകടനം കാഴ്ച വെയ്ക്കാനാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.