കൊച്ചി: ശബരിമലയില്‍ അപ്പവും അരവണയും തയ്യാറാക്കാന്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ശര്‍ക്കര ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുന്ന ഹര്‍ജിയില്‍ കരാറുകാരെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. 2019-20 സീസണില്‍ ശര്‍ക്കര ലഭ്യമാക്കിയ കരാറുകാരായ മഹാരാഷ്ട്രയിലെ വര്‍ധാന്‍ അഗ്രോ പ്രോസസിങ് ലിമിറ്റഡ് എന്ന കമ്പനിയെയും ഇവര്‍ നല്‍കിയതില്‍ ഉപയോഗിക്കാതെ ബാക്കിയായ ശര്‍ക്കര വാങ്ങിയ തൃശ്ശൂരിലെ സൗതേണ്‍ അഗ്രോ ടെക്കിനെയും കക്ഷിചേര്‍ക്കാനാണ് നിര്‍ദേശം. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.

മഹാരാഷ്ട്രയിലെ എസ്.പി.ഷുഗര്‍ ആന്‍ഡ് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നല്‍കുന്ന ശര്‍ക്കരയാണ് നിലവില്‍ അപ്പം അരവണ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.കെ. കുമാര്‍ ഫയല്‍ചെയ്ത ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

എന്താണ് 'ഹലാല്‍' അര്‍ത്ഥമാക്കുന്നതെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ഡിവിഷന്‍ബെഞ്ച് ഹര്‍ജിക്കാരനോട് ആരാഞ്ഞു. ഒരു സമുദായത്തിന്റെ ആചാരത്തിന്റെ ഭാഗമാണിതെന്ന് അഭിഭാഷകന്‍ വിശദീകരിച്ചു. ഇക്കാര്യം വ്യക്തമായ തെളിവുകളോടെ ഉന്നയിക്കണമെന്ന് കോടതി നിര്‍ദേശിച്ചപ്പോള്‍ വിഷയത്തെ ആഴത്തില്‍ പരിശോധിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ മറുപടി. ആരോപണം ഉന്നയിക്കുമ്പോള്‍ ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി വിഷയം വിശദമായി പരിശോധിക്കുമെന്നും പറഞ്ഞു. എന്താണ് ഹലാല്‍ എന്ന് പരിശോധിച്ച് അറിയിക്കാന്‍ സര്‍ക്കാര്‍, ദേവസ്വം അഭിഭാഷകരോടും കോടതി നിര്‍ദേശിച്ചു.