തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡുമായി യാതൊരു തര്‍ക്കവുമില്ലെന്ന് തന്ത്രി മഹേഷ് മോഹനരര്. ഭക്തരെ പ്രവേശിപ്പിക്കാനും ഉത്സവം നടത്താനും ദേവസ്വംബോര്‍ഡ് കഴിഞ്ഞ മാസം ഏകപക്ഷീയമായിട്ടല്ല തീരുമാനമെടുത്തത്. ഉത്സവം നടത്താന്‍ ഞാനും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ട് ബോര്‍ഡിന് കത്തെഴുതുകയുമുണ്ടായി. എന്നാല്‍ കഴിഞ്ഞ മാസത്തെ സ്ഥിതിയല്ല നിലവിലുള്ളതെന്നും അതുകൊണ്ടാണ് പുനരാലോചന നടത്തിയതെന്നും തന്ത്രി പറഞ്ഞു. ദേവസ്വം മന്ത്രിയുമായും ബോര്‍ഡ് പ്രസിഡന്റുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശബരിമല തന്ത്രി.
സംസ്ഥാനത്തേയും അയല്‍ സംസ്ഥാനങ്ങളിലേയും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. ഉത്സവം തുടങ്ങിയതിന് ശേഷം ആര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ അത് ചടങ്ങിനെ ബാധിക്കും. അവിടെയുള്ള എല്ലാവരും ക്വാറന്റീനില്‍ പോകേണ്ടി വരും. അതിലും നല്ലത് ഉത്സവം മാറ്റിവെക്കുന്നതാണെന്ന് കരുതുന്നു. മറ്റു പ്രശ്‌നങ്ങളൊന്നും കാണുന്നുമില്ല. ദേവസ്വം ബോര്‍ഡും തന്ത്രിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ചില പ്രചാരണങ്ങള്‍ കണ്ടു. അത് തെറ്റാണെന്നും തന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങള്‍ തുറക്കണമെന്നുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നിര്‍ബന്ധിതമാണെന്ന് താന്‍ ആദ്യം തെറ്റിദ്ധരിച്ചുവെന്നും പിന്നീടാണ് വേണമെങ്കില്‍ നമുക്ക് തീരുമാനമെടുക്കാമെന്ന കാര്യം മനസ്സിലാക്കിയതെന്നും മഹേഷ് മോഹനരര് വ്യക്തമാക്കി.
തന്റെ തീരുമാനങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് തനിക്ക് പ്രത്യേക അടുപ്പമില്ല. മനുഷ്യനെ മനുഷ്യനായി കാണുന്നവനാണ് താനെന്നും തന്ത്രി പറഞ്ഞു.
Content Highlights: sabarimala-coronavirus-devotees entry-tantri mahesh mohanaru