കോഴിക്കോട്:  വിവാദ പ്രസംഗത്തില്‍ നിലപാടില്‍ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ക്ഷേത്ര നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉപദേശം തേടുന്നതിനു തന്ത്രി വിളിച്ചെന്ന നിലപാടാണ് ബിജെപി അധ്യക്ഷന്‍ മാറ്റിയത്

ശബരിമല വിഷയത്തില്‍ നിയമോപദേശം തേടി തന്നെ തന്ത്രി വിളിച്ചിട്ടില്ലെന്നും തന്ത്രികുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നുമാണ് ശ്രീധരന്‍ പിള്ള ഇപ്പോള്‍ പറയുന്നത്. കണ്ഠര് രാജീവര് വിളിച്ചോ എന്നറിയില്ല വിളിച്ചിട്ടില്ലെന്ന് തന്ത്രി രാജീവര് പറഞ്ഞാല്‍ അതാണ് ശരിയെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. 

തന്നെ ആരാണ് വിളിച്ചതെന്ന് ഓര്‍മയില്ലെന്നും ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഫോണില്‍ നിന്നാണ് ആരോ വിളിച്ചതെന്നും അദ്ദേഹം പറയുന്നു. കോഴിക്കോട് യുവമോര്‍ച്ച യോഗത്തിലായിരുന്നു ശബരിമല നട അടയ്ക്കുന്നതിനെക്കുറിച്ചു തന്ത്രി തന്നോട് ആലോചിച്ചിരുന്നതായി ശ്രീധരന്‍ പിള്ള വെളിപ്പെടുത്തിയത്.

ഇത് പിന്നീട് വിവാദമാകുകയും തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ശ്രീധരന്‍ പിള്ളയുടെ അവകാശ വാദം കളവാണെന്നും താന്‍ കണ്ഠരര് മോഹനരോട് മാത്രമാണ് ഉപദേശം തേടിയിരുന്നതെന്നും തന്ത്രി കണ്ഠര് രാജീവര് വിശദീകരണം നല്‍കിയിരുന്നു.