തിരുവനന്തപുരം: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്പോല വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ചെമ്പോല യഥാര്‍ഥമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

ശബരിമല വിധി വന്ന സമയത്ത് ആചാര അനുഷ്ഠാനങ്ങള്‍ സംബന്ധിച്ച ആധികാരിക രേഖയായി അവതരിപ്പിക്കപ്പെട്ട ചെമ്പോലയെക്കുറിച്ചാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ചില മാധ്യമങ്ങളില്‍ അതേക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരേ നടപടിയെടുക്കുമോ എന്ന് ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. ഈ ചോദ്യം അടക്കമുള്ളവയ്ക്കാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മോന്‍സന്റെ വീട്ടില്‍ പോയത് എന്തിനെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെഹ്‌റ അവിടെ സന്ദര്‍ശിച്ചതിന് ശേഷമുണ്ടായ സംശയത്തെ തുടര്‍ന്നാണ് ഇന്റലിജന്‍സിനോട് ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ പറഞ്ഞത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് വിശദമായ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. 

കേസില്‍ അന്വേഷണം ഗൗരവമായി നടക്കുകയാണ്. അന്വേഷണത്തില്‍ ആക്ഷേപകമായ ഒരുകാര്യവും ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. കേസന്വേഷണം നടക്കട്ട, ആദ്യമേ ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിക്കാന്‍ നില്‍ക്കണ്ടെന്നും മോന്‍സന്‍ വിഷയത്തില്‍ പ്രതിപക്ഷ നിരയിലെ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

പോലീസിന്റെ കൊക്കൂണ്‍ കോണ്‍ഫറന്‍സില്‍ മോന്‍സന്‍ പങ്കെടുത്തതായി അറിവില്ല. പുരാവസ്തുക്കള്‍ക്ക് സംരക്ഷണം നല്‍കിയത്‌ അന്വേഷിക്കുമെന്നും തെറ്റ് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചെമ്പോല മോന്‍സന്റെ സുഹൃത്ത് സന്തോഷിന് കൈമാറിയത് താനാണെന്ന് നേരത്തെ തൃശൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടിരുന്നു. 300 വര്‍ഷം പഴക്കമുള്ള ചെമ്പോലയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നെന്നും പുരാവസ്തു കച്ചവടക്കാരനായ ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടിരുന്നു.

content highlights: sabarimala chempola is faek says cm pinarayi vijayan