തിരുവനന്തപുരം: ഹര്‍ത്താലിന്റെ പേരില്‍  ഭക്തര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുന്ന സ്ഥാപനങ്ങളും മറ്റും ബിജെപിക്കാര്‍ പോയി അടപ്പിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാധാരണ കേരളത്തില്‍ ശബരില സീസണില്‍ ഏത് രാഷ്ട്രീയപാര്‍ട്ടികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്താലും പത്തനംതിട്ട ജില്ലയെയും തീര്‍ത്ഥാടകരെയും ഒഴിവാക്കാറുണ്ടായിരുന്നു. വിവേക പൂര്‍വ്വമുള്ള തീരുമാനങ്ങളായിരുന്നു പാര്‍ട്ടികള്‍ ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ രാഷ്ട്രീയ അജണ്ടക്ക് മുന്നില്‍ ആചാരങ്ങളും വിശ്വാസങ്ങളും പ്രധാന്യമല്ലെന്ന് ബിജെപി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അയ്യപ്പനോടും ഭക്തരോടും ഇവര്‍ക്ക് ഒരു പ്രതിബദ്ധതയുമില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നടന്നുവരുന്നത്. ആയിരകണക്കിന് തീര്‍ത്ഥാടകര്‍ പലയിടങ്ങളിലായി കുടുങ്ങികിടക്കുന്നു. ഇവരുടെ കെണിയില്‍ കുടുങ്ങിയ യഥാര്‍ത്ഥ ഭക്തര്‍ക്ക് ഓരോ ദിവസവും കാര്യങ്ങള്‍ മനസ്സിലായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാട്ടിലെമ്പാടും വര്‍ഗീയ വിഷം ചീറ്റിക്കൊണ്ടിരുന്ന ആളാണ് ശശികല. കഴിഞ്ഞ കുറച്ചുകാലമായി അവര്‍ ലോകമെമ്പാടും അറിയപ്പെടുന്ന ശബരിമലയിലെത്തി വിഷം വമിപ്പിക്കുന്ന ഫണം വിടര്‍ത്തി ആടുകയും ബോധപൂര്‍വ്വം കലാപം സൃഷ്ടിക്കുന്നതിന് നേതൃത്വംകൊടുക്കയും ചെയ്യുന്നു. ഇത് കഴിഞ്ഞ നാളുകളില്‍ നമ്മള്‍ കണ്ടതാണ്. വിശ്വാസത്തിന്റെ പേരിലാണ് അവര്‍ ശബരിമലയിലെത്തുന്നതെന്ന് ആരും വിശ്വസിക്കില്ല. ശബരിമലയെന്ന പുണ്യപൂങ്കാവനത്തെ ചോരക്കളമാക്കി മാറ്റുന്നതിന് അവിടെ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കാനാണ് ശശികല ശ്രമിച്ചത്. 

രാജ്യത്തിന്റെ നാനാഭാഗത്ത് നിന്ന് വരുന്ന പാവപ്പെട്ട അയ്യപ്പഭക്തര്‍ക്ക് സമാധാനപരമായി വന്നുപോകാനുള്ള സൗകര്യമുണ്ടാക്കണമെന്നും ഗുഢാലോചന നടത്തി നടത്തി ദയവ് ചെയ്ത് സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്നും മടങ്ങണമെന്നും സുരക്ഷക്ക് നിയോഗിച്ച് പോലീസുകാര്‍ ഇന്നലെ അവരോട് നിരന്തരം അഭ്യര്‍ത്ഥിച്ചെന്നും മന്ത്രി പറഞ്ഞു.

Content Highlights: Sabarimala,BJP Harthal, Kadakampally Surendran