തിരുവനന്തപുരം: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ഇതുവരെ അറസ്റ്റിലായത് 3557 പേര്‍. കഴിഞ്ഞദിവസം മാത്രം 52 പേരെ അറസ്റ്റ് ചെയ്തു. 531 കേസുകളിലായാണ് ഇത്രയും അറസ്റ്റ്. 

സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍കൂടി പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതോടെ പുറത്തുവിട്ട ചിത്രങ്ങളുടെ എണ്ണം 420 ആയി. നാനൂറോളം പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് കണക്കാക്കുന്നു. ഇതിൽ 350 പേർ ഒളിവിലാണെന്നാണ് പോലീസ് നിഗമനം.

സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെയും അക്രമങ്ങള്‍ നടത്തിയവരെയും അടുത്ത ദിവസങ്ങളില്‍തന്നെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശമുണ്ട്. ഇതിനായി പുറത്തുവിട്ട ചിത്രങ്ങള്‍ വിവിധ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറി. ഇതില്‍ ചിലര്‍ വിദേശത്തേക്ക് കടന്നെന്ന സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വിമാനത്താവള അധികൃതര്‍ക്കും ചിത്രങ്ങളും വിവരങ്ങളും കൈമാറും. പിടിയിലായവരെയെല്ലാം മണ്ഡലകാലത്തും നിരീക്ഷിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.