തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധിച്ചവരുടെ അറസ്റ്റിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുന്നത് സ്ത്രീപ്രവേശത്തെ എതിര്‍ത്തവര്‍ക്കുനേരെ ഒട്ടും വിട്ടുവീഴ്ചയില്ലെന്നാണ്. അറസ്റ്റ് ഇനിയും ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. തീര്‍ഥാടനകാലത്ത് സമരത്തിനിറങ്ങാനിരിക്കുന്നവരെ പിന്തിരിപ്പിക്കാനും സമരം നടത്തുന്നവരെ സമ്മര്‍ദത്തിലാക്കാനുമുള്ള തന്ത്രമാണിത്. ഇതിനെതിരേ ബി.ജെ.പി. രംഗത്തെത്തിയതോടെ തീര്‍ഥാടനകാലത്ത് സംഘര്‍ഷസാധ്യത ഏറുകയാണ്. ശനിയാഴ്ച കേരളത്തില്‍ എത്തുന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി ബി.ജെ.പി. നേതാക്കള്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യും.

ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞവരെയും പ്രതിഷേധിച്ചവരെയും ബുധനാഴ്ച രാത്രിമുതലാണ് അറസ്റ്റ്ചെയ്ത് തുടങ്ങിയത്. നടപടികളില്‍നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ബി.ജെ.പി.യും ഹൈന്ദവ സംഘടനകളും സമരരീതി മാറ്റാന്‍ ആലോചിക്കുകയാണ്. പ്രതിഷേധത്തിന്റെയും അക്രമത്തിന്റെയും ദൃശ്യങ്ങള്‍ പരിശോധിച്ച് വ്യക്തമായ തെളിവുകളോടെയാണ് കേസെടുത്തതെന്നാണ് പോലീസ് പറയുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടന്ന അക്രമങ്ങളുടെ തെളിവുകളും പോലീസ് ശേഖരിച്ചുകഴിഞ്ഞു.

റിട്ട്, പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന നവംബര്‍ 13-ന് സുപ്രീംകോടതിയുടെ നടപടികളിലാണ് എല്ലാവരും കണ്ണുംനട്ടിരിക്കുന്നത്. നടപ്പാക്കാന്‍ സാവകാശം അനുവദിക്കുകയോ വിധിക്കുമുമ്പുള്ള സ്ഥിതി തത്കാലത്തേക്കെങ്കിലും തുടരാന്‍ നിര്‍ദേശിക്കുകയോ ചെയ്താല്‍ അന്തിമതീര്‍പ്പുവരെയെങ്കിലും സംഘര്‍ഷ സാധ്യതയ്ക്കും ആശങ്കയ്ക്കും ശമനമുണ്ടാകും.