പ്രതീകാത്മക ചിത്രം | AFP
തിരുവനന്തപുരം: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂവകുപ്പ് പുതുക്കിയ ഉത്തരവിറക്കി. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ 2570 ഏക്കറാണ് (1039.876 ഹെക്ടര്‍) വിമാനത്താവളത്തിനായി ഏറ്റെടുക്കുക. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് ഏറ്റെടുക്കുന്ന 307 ഏക്കര്‍ സ്ഥലംകൂടി ചേര്‍ത്താണിത്.
വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമാനുമതിക്കുശേഷം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. സാമൂഹികാഘാത പഠനത്തിന്റെ റിപ്പോര്‍ട്ട് വിദഗ്ധസമിതി പരിശോധിക്കും. വിമാനത്താവള പദ്ധതിക്ക് കേന്ദ്ര പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്ന വാദത്തില്‍ ഉറച്ചുനിന്നുതന്നെയാണ് വിമാനത്താവള നടപടികളുമായി സര്‍ക്കാര്‍ നീങ്ങുന്നത്.
ആറന്മുള വിമാനത്താവള പദ്ധതി പ്രതിഷേധത്തെത്തുടര്‍ന്ന് വേണ്ടെന്നുവെച്ചപ്പോഴാണ് ചെറുവള്ളിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പരിസ്ഥിതി ആഘാതം ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ക്ക് ലൂയിസ് ബര്‍ജര്‍ കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.
എസ്റ്റേറ്റിന് പുറത്തേക്കും ഭൂമിയേറ്റെടുപ്പ്
കോട്ടയം: സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേയുള്ള വിമാനത്താവളം. അതിനായാണ് ചെറുവള്ളി എസ്റ്റേറ്റ് അടക്കമുള്ള 2570 ഏക്കര്‍ ഭൂമിയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചെറുവള്ളി എസ്റ്റേറ്റ് മാത്രം 2263 ഏക്കറാണുള്ളത്. ഇതിനുപുറത്തുള്ളതാണ് 307 ഏക്കര്‍. ആദ്യം ഇറക്കിയ ഉത്തരവില്‍ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി മാത്രമാണുണ്ടായിരുന്നത്. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കും ഓഫീസ് പ്രവര്‍ത്തനത്തിനും സൗകര്യം ഒരുക്കാനാണ് പുറത്തുള്ള ഭൂമിയേറ്റെടുക്കല്‍. ഇവയില്‍ ഭൂരിഭാഗവും സ്വകാര്യഭൂമിയാണ്.
ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമാവകാശം സ്ഥാപിക്കാനുള്ള കേസ് പാലാ സബ് കോടതിയില്‍ നടക്കുകയാണ്. ഇതിലെ തീര്‍പ്പിന് വിധേയമാണ് പദ്ധതിയുടെ തുടര്‍നടപടികള്‍. പണം കെട്ടിവെച്ച് ഭൂമിയേറ്റെടുക്കാനുള്ള ആലോചനയും സജീവമാണ്. എസ്റ്റേറ്റ് ഉടമസ്ഥാവകാശം രേഖകള്‍പ്രകാരം ബിലീവേഴ്സ് ചര്‍ച്ചിനാണ്. മണ്ണ് പരിശോധനയ്ക് അവര്‍ ഉടമസ്ഥാവകാശം അംഗീകരിച്ചുകൊണ്ട് അനുമതി കൊടുത്തിരുന്നു.
സഭാകൗണ്‍സില്‍ പരിശോധിക്കുമെന്ന് ബിലീവേഴ്സ് ചര്‍ച്ച്
കോട്ടയം: സിവില്‍ കേസ് കോടതിയില്‍ നിലനില്‍ക്കെ പണം കെട്ടിവെച്ച് ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ആലോചിച്ചാല്‍ സഭാകൗണ്സില്ചേര്ന്ന് തീരുമാനം എടുക്കുമെന്ന് ബിലീവേഴ്സ് ചര്‍ച്ച്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് സഭാനേതൃത്വം വ്യക്തമാക്കി.
Content Highlights: Sabarimala airport land acquisition runway
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..