കൊച്ചി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ നിര്‍ണായകവ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് നടക്കുന്ന കോടതിയില്‍ പണം കെട്ടിവെച്ച് ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാമെന്ന വ്യവസ്ഥയാണ് കോടതി റദ്ദാക്കിയിരിക്കുന്നത്.

ചെറുവള്ളി എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഉടമസ്ഥാവകാശം സംബന്ധിച്ച് ബിലീവേഴ്‌സ് ചര്‍ച്ചുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജൂണ്‍ മാസത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ്  നടപടി.

തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് കോടതിയിലല്ല പണം കെട്ടിവെക്കേണ്ടതെന്നും നേരിട്ട് പണം നല്‍കുകയാണ് വേണ്ടതെന്നും കാണിച്ചാണ് അയന ചാരിറ്റബിള്‍ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്. വിവിധ കേസുകളിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും അവര്‍ വാദിച്ചു. ഈ പശ്ചാത്തലത്തിലാണ് പണം കെട്ടിവെക്കാമെന്ന വ്യവസ്ഥ കോടതി റദ്ദാക്കിയത്.

അതേസമയം, സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ കളക്ടറെ ഏല്‍പിച്ചുകൊണ്ടുള്ള റവന്യൂ സെക്രട്ടറിയുടെ ഉത്തരവിലെ മറ്റു വ്യവസ്ഥകളില്‍ കോടതി ഇടപെട്ടിട്ടില്ല. അതിനാല്‍ മറ്റു മാര്‍ഗങ്ങളിലൂടെ സ്ഥലമേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാനാകും. എന്നാല്‍ ഉത്തരവിലെ പ്രധാന വ്യവസ്ഥ റദ്ദാക്കിയ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ എത്തരത്തിലായിരിക്കണമെന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

content highlights: sabarimala airport land acquisition: high court cancels important clause