ബിന്ദു അമ്മിണിയെ ആക്രമിക്കുന്ന ചിത്രങ്ങൾ | Photo: Facebook/ Bindu Ammini
കോഴിക്കോട്: വനിതാ ആക്ടിവിസ്റ്റായ ബിന്ദു അമ്മിണിക്കുനേരെ വീണ്ടും ആക്രമണം. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വെച്ച് പ്രകോപനമൊന്നുമില്ലാതെ ഒരാള്‍ ആക്രമിക്കുകയായിരുന്നെന്ന് ബിന്ദു അമ്മിണി പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ അവർ ഫേയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
'ഒരു കേസിന്റെ ആവശ്യത്തിന് കക്ഷികളുമായി നോര്‍ത്ത് ബീച്ചില്‍ എത്തിയതായിരുന്നു. എന്റെ കൂടെ വന്ന ആളുകളാണെന്ന് മനസ്സിലായതോടെ ആക്രമി അവരുടെ വണ്ടി തടഞ്ഞുവെയ്ക്കുകയും പിന്നാലെ ഓടുകയും ചെയ്തു. അതിനുശേഷം ഞാന്‍ ഒറ്റയ്ക്ക് ആയപ്പോള്‍ ആക്രമണം എന്റെ നേരെയായി', ബിന്ദു അമ്മിണി പറയുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും അവർ പറയുന്നു.
ബിന്ദു അമ്മിണി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ആദ്യത്തെ വീഡിയോയില്‍ സ്‌കൂട്ടറില്‍ വന്ന ഒരാളുടെ ദൃശ്യങ്ങളാണുള്ളത്. കറുപ്പ് ഷര്‍ട്ടും വെള്ള മുണ്ടുമാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്. അടുത്ത വീഡിയോയില്‍ ഇയാള്‍ ബിന്ദു അമ്മിണിയെ ആക്രമിക്കുന്നതും അവര്‍ തിരിച്ചു പ്രതിരോധിക്കുന്നതും കാണാം.
സംഭവത്തില്‍ വെള്ളയില്‍ പോലീസ് കേസെടുത്തു. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൈയാങ്കളിയില്‍ എത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു.
ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദുവിന് നേരെ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ മാസം കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവില്‍ ബിന്ദുവിനെ ഓട്ടോ ഇടിച്ചുവീഴ്ത്തിയിരുന്നു. മന:പൂര്‍വ്വം ഇടിച്ചു വീഴ്ത്തിയ ശേഷം കടന്നുകളയുകയായിരുന്നെന്ന് അന്നു നല്‍കിയ പരാതിയില്‍ ബിന്ദു പറഞ്ഞിരുന്നു. സംഭവത്തില്‍ പരിക്കേറ്റ് ദിവസങ്ങളോളം അവർ ആശുപത്രിയിലായിരുന്നു.
Content Highlights: Sabarimala Activist Bindu Ammini Attack
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..