പത്തനംതിട്ട: നിലയ്ക്കലില്‍ ഇന്നലെ 81 പേരില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശബരിമലയിലേക്ക് പൂജയ്ക്കായി വന്ന ദേവസ്വം ബോര്‍ഡിന്റെ താത്കാലിക ജീവനക്കാരനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 

മണ്ഡല പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. വെര്‍ച്വല്‍ ക്യൂ വഴി ബുക് ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനം.

ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയെയും മാളികപ്പുറം മേല്‍ശാന്തി എം.എന്‍.രജികുമാറിനെയും മേല്‍ശാന്തിമാരായി അഭിഷേകംചെയ്ത് അവരോധിക്കും. രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേല്‍ശാന്തിയായ എ.കെ.സുധീര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായ എം.എസ്.പരമേശ്വരന്‍ നമ്പൂതിരിയും രാത്രിയില്‍ത്തന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലര്‍ച്ചെ പുതിയ മേല്‍ശാന്തിമാരാണ് നടകള്‍ തുറക്കുന്നത്.

കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

24 മണിക്കൂറിനുളളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കരുതണം. ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന ഉണ്ടാകും. പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സി.എഫ്.എല്‍.ടി.സി.യിലേക്ക് മാറ്റും.

Content Highlights: Sabarimala: A temporary employee of the Devaswom Board tests positive for covid 19