പത്തനംതിട്ട; ശബരിമലയിലെ നിരോധനാജ്ഞ തുടരണമെന്ന് പോലീസ്. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് കാട്ടി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.  എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും സ്‌പെഷ്യല്‍ ഓഫീസറിന്റെയും റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച് കളക്ടര്‍ വിഷയത്തില്‍ തീരുമാനമെടുക്കും. 

ശബരിമല ഉള്‍പ്പെടെ നാലുസ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ തുടരണമെന്നാണ് പത്തനംതിട്ട എസ്പി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 

നിരോധനാജ്ഞ പിന്‍വലിക്കണമെന്നത് പ്രതിപക്ഷത്തിന്റെ ആടക്കമുള്ള ആവശ്യമാണ്. ഇതിനിടെയാണ് ഇത് നീട്ടണമെന്നാവശ്യപ്പെട്ട് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ശബരിമലയിലുള്‍പ്പെടെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. 

ഒരാഴ്ച മാത്രമാണ് നിരോധനാജ്ഞ ഏര്‍പ്പടുത്തിയിരുന്നത്. ഇതിനുമുമ്പ് തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നടതുറന്ന സമയത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 

എന്നാല്‍ നീണ്ട കാലയളവിലേക്കാണ് നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യം പോലീസ് നടത്തിയിരിക്കുന്നത്. പോലീസ് നിയന്ത്രണം ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെതുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. 

Content Highlights; Sabarimala 144, Police, Pathanamthitta Collector, sabarimala pilgrimage, Sabarimala Women Entry Protest