ആലപ്പുഴ: ശബരിമലയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് നാഥനില്ലാത്ത സമരമാണെന്ന് എസ്.എന്‍ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതിന് ആളെക്കൂട്ടാനുള്ള ബാധ്യത എസ്.എന്‍.ഡി.പി യോഗത്തിനില്ല.

എല്ലാ ഹിന്ദു സംഘടനകളുമായും ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍ ആചാര സംരക്ഷണത്തിനുവേണ്ടി യോഗം മുന്‍ നിരയിലുണ്ടാകുമായിരുന്നു. അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ സമരത്തില്‍ യോഗം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതിനോട് വിയോജിപ്പില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സ്ത്രീപ്രവേശന വിധി നിരാശാജനകവും സമൂഹത്തില്‍ വേര്‍ത്തിരിവ് സൃഷ്ടിക്കാന്‍ ഇടയാക്കുകയും ചെയ്തു. ആചാരങ്ങള്‍ പാലിക്കേണ്ടതും നിയമങ്ങള്‍ അനുസരിക്കേണ്ടതുമാണ്.

വിശ്വാസികളായ സ്ത്രീകള്‍ തുടര്‍ന്നും ശബരിമലയില്‍ പ്രവേശിക്കില്ല എന്നതുകൊണ്ട് കോടതി വിധി അപ്രസക്തമാണ്. അപ്രസ്‌ക്തമായ ഒരു വിധിയുടെ പേരില്‍ ജനങ്ങളുടെ വിശ്വാസത്തെ ചൂട് പിടിപ്പിച്ച്‌ക്കൊണ്ട് തെരുവില്‍ നടത്തുന്ന സമരം നാട്ടില്‍ കലാപം സൃഷ്ടിക്കാനെ ഇടയാക്കൂ. ഈ വിധിയെ മറികടക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്താന്‍ പരിശ്രമങ്ങള്‍ നടത്തണം. കൂട്ടായ ചര്‍ച്ചയും വേണമെന്നും എസ്.എന്‍.ഡി.പി കൗണ്‍സില്‍ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

ശബരിമല വിധിയുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ക്കും മറ്റും യൂണിയന്‍ ഭാരവാഹികളുടെ സംയുക്ത യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.