ബരിമല സ്ത്രീ പ്രവേശനം അന്താരാഷ്ട മാധ്യമങ്ങളില്‍ വരെ വാര്‍ത്തയാകുമ്പോള്‍ ലോകം മുഴുവന്‍ തിരയുന്ന പേരാണ് കവിത ജക്കാലയുടേത്. ഐജി ശ്രീജിത്തിന്റെയും സംഘത്തിന്റെയും ശക്തമായ സുരക്ഷാവലയത്തിനുള്ളില്‍ നടപ്പന്തല്‍ വരെ കവിത എത്തിയിരുന്നു. എന്നാല്‍ പോലീസ് വേഷത്തിൽ ചാനല്‍ ക്യാമറകളില്‍ പതിഞ്ഞ ഈ യുവതിയ്ക്ക് നല്‍കുന്ന തലകെട്ടുകള്‍ ആന്ധ്ര സ്വദേശിയായ മോജോ ജേണലിസ്റ്റ് എന്നതില്‍ അവസാനിക്കുന്നു. 

ഹൈദരാബാദിലെ നാല്‍ഗോണ്ട സ്വദേശിയാണ് കവിത. സില്ല പരിഷത്ത് ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇവര്‍,എഇസിറ്റി കോളേജ്,ദീപ്തി ജൂനിയര്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നുമാണ് ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 10 ടിവിയില്‍ വാര്‍ത്ത അവതാരകയായി ജോലി ആരംഭിച്ച കവിത ഇപ്പോള്‍ തെലുങ്ക് മോജോ ടിവിയിലെ മാധ്യമ പ്രവര്‍ത്തകയാണ്. മോജോ ടിവിയ്ക്ക് വേണ്ടിയാണ് കവിത ശബരിമലയില്‍ എത്തിയതും. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ശക്തമായ സായുധ പോലീസ് സംഘം കവിതയ്ക്ക് സുരക്ഷയൊരുക്കിയെങ്കിലും ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കവിതയ്ക്ക് നടപ്പന്തലില്‍ യാത്ര അവസാനിപ്പിക്കേണ്ടിവന്നു. സുരക്ഷയുടെ ഭാഗമായി പോലീസിന്റെ ഹെൽമറ്റും ജാക്കറ്റും ധരിച്ചായിരുന്നു കവിതയുടെ സന്നിധാനത്തേക്കുള്ള യാത്ര.

രഹ്നഫാത്തിമ എന്ന എറണാകുളം സ്വദേശിനിയായ യുവതി ഇരുമുടികെട്ടുമായി കവിതയ്‌ക്കൊപ്പം മല ചവുട്ടി. ഇവരും നടപ്പന്തലില്‍ യാത്ര അവസാനിപ്പിച്ചു. പമ്പയില്‍ വ്യാഴാഴ്ച്ചയെത്തിയ കവിത രാത്രി തന്നെ മല ചവിട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ചത്തേക്ക് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.വിശ്വാസത്തിന്റെ ഭാഗമായല്ല തന്റെ യാത്രയെന്നും, ജോലിയുടെ ഭാഗമായാണ് മല ചവിട്ടുന്നതെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും കവിത വ്യക്തമാക്കിയിരുന്നു.  

രഹ്ന ഫാത്തിമ 

കവിത ജക്കാലയ്‌ക്കൊപ്പം മല ചവിട്ടിയ യുവതി എറണാകുളം സ്വദേശിയായ രഹ്ന ഫാത്തിമയാണ്. ഇവര്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥയാണ്. ഏക എന്ന ചിത്രത്തില്‍ നായികയായി ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷം രഹ്ന ഫാത്തിമ കറുപ്പുടുത്ത് മാലയിട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്ത  ചിത്രം വിവാദമായിരുന്നു.  നടപ്പന്തലില്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യാത്ര അവസാനിപ്പിക്കാന്‍ ഐ.ജി ശ്രീജിത്തിന്റെ ഭാഗത്തുനിന്ന് നിര്‍ദേശമുണ്ടായപ്പോഴും  പതിനെട്ടാംപടി ചവിട്ടണമെന്നായിരുന്നു രഹ്നാ ഫാത്തിമയുടെ നിലപാട്. പിന്നീട് ഇവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് തിരികെ ഇറക്കിയത്. 

Content Highlight: Rahna fathima and kavitha jakkala