എസ് രാജേന്ദ്രൻ, എംഎം മണി | photo: mathrubhumi
തൊടുപുഴ: സിപിഎമ്മില്‍ നേരിടുന്ന അവഗണ ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മറ്റിക്കും എസ്.രാജേന്ദ്രന്‍ കത്തയച്ചു. എംഎല്‍എ ഹോസ്റ്റലില്‍വെച്ച് പ്രശ്‌നങ്ങള്‍ അറിയിച്ചപ്പോള്‍ എം.എം.മണി അപമാനിച്ചുവെന്ന് കത്തില്‍ പറയുന്നു. ഭാര്യയേും അച്ഛനേയും അമ്മയേയും കുടുംബത്തേയും നോക്കി വീട്ടിലിരിക്കാനായിരുന്നു നിര്‍ദേശം. എം.എം.മണി സമ്മേളനങ്ങളില്‍ പരസ്യമായി അപമാനിക്കുമെന്ന് ഭയന്നാണ് സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനിന്നതെന്നും കത്തുകളില്‍ രാജേന്ദ്രന്‍ വ്യക്തമാക്കുന്നു.
എസ്. രാജേന്ദ്രന്‍ പലഘട്ടങ്ങളിലായി പാര്‍ട്ടിക്ക് നല്‍കിയ കത്തുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിലൊന്ന് എസ്.രാജേന്ദ്രന്‍ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണമാണ്. അതില്‍ ചില ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുന്നത്. അതോടൊപ്പം സംസ്ഥാന നേതൃത്വത്തിനും എസ്. രാജേന്ദ്രന്‍ കത്ത് നല്‍കിയിരുന്നു. ജില്ലാ നേതൃത്വത്തിന് പലതവണ കത്ത് നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിരിക്കുന്നത്.
പാര്‍ട്ടിയില്‍ നിന്ന് അപമാനിച്ച് പറത്താക്കാന്‍ ശ്രമം നടക്കുന്നു എന്നതാണ് പ്രധാനമായും എസ്. രാജേന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നത്. ജില്ലയിലെ മുതിര്‍ന്ന നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം.എം.മണിയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായി. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അദ്ദേഹവുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഭാര്യയേയും അച്ഛനേയും അമ്മയേയും കുടുംബത്തേയും നോക്കി വീട്ടിലിരുന്നുകൊള്ളണമെന്ന് മണി പറഞ്ഞുവെന്നാണ് കത്തില്‍ പറയുന്നത്.
പരസ്യമായി അപമാനിക്കപ്പെട്ടുവെന്ന തോന്നലാണ് ഉണ്ടായത്. സമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോഴും സമാന സാഹചര്യം ഉണ്ടാകുമെന്ന് തോന്നി. അതുകൊണ്ടാണ് താന്‍ സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന വിശദീകരണമാണ് അദ്ദേഹം സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. കെ.കെ. ജയചന്ദ്രന്‍ എസ്. രാജേന്ദ്രനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും അങ്ങനെ ശ്രമിച്ചാല്‍ തന്റെ സ്വഭാവം മാറുമെന്ന് എംഎം മണി പറഞ്ഞു എന്നതടക്കം ചില പരാമര്‍ശങ്ങള്‍ കത്തിലുണ്ട്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി.ശശി തന്നെ ഒതുക്കാന്‍ എല്ലാ ഘട്ടത്തിലും ശ്രമിക്കുന്നുവെന്ന ആരോപണവും രാജേന്ദ്രന്‍ കത്തില്‍ ഉയര്‍ത്തുന്നു. എറ്റവും ഒടുവില്‍ മൂന്നാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ വേദിയില്‍വെച്ച് തന്റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി തന്നെ മാറ്റി നിര്‍ത്താനുള്ള ശ്രമം നടത്തി. എന്നാല്‍ ഈ സംഭവം ചിത്രീകരിച്ച് സിഡിയായി ഇറക്കിയെന്ന ആരോപണം എസ്. രാജേന്ദ്രന്‍ തള്ളുന്നുണ്ട്.
Content Highlights: S Rajendran against MM Mani
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..