ആർവിജി മേനോൻ
തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ ബദലായി കേന്ദ്രം നിര്‍ദേശിച്ച റെയില്‍വേ മൂന്നാം പാത ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ടുവെച്ച ബദലാണെന്ന് ഡോ. ആര്.വി.ജി മേനോന്. സാങ്കേതിക പഠനം അടിസ്ഥാനാക്കി കേന്ദ്രം മുന്നോട്ടുവെച്ച ബദലില്‍ രാഷ്ട്രീയം കാണേണ്ടെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ അധ്യക്ഷന്‍ കൂടിയായ അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
മൂന്നാം പാതയാണ് പ്രായോഗികവും ശാസ്ത്രീയവുമായ കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ഉതകുന്നത്. മൂന്നാമത്തെ പാത ഇടുമ്പോള്‍ കടുത്ത വളവുകള്‍ ഒഴിവാക്കിക്കൊണ്ട് കൂടുതല്‍ വേഗതയില്‍ പോകാനാവണം. 160 കിലോമീറ്റര്‍ ആണ് നിര്‍ദിഷ്ട വേഗത. എല്ലാ എക്സ്പ്രസ് ട്രെയിനുകള്‍ക്കും ഈ പാതയിലൂടെ പോകാനാവണം. പഴയ ലൈനിലൂടെ പാസഞ്ചര്‍ ട്രെയിമുകള്, മെമു, ചരക്ക് എന്നീ ട്രെയിനുകള്‍ക്കും സര്‍വീസ് നടത്താം. മൂന്നാം ലൈന്‍ മാത്രമല്ല, നാലാമത്തെ ലൈനും വേണ്ടിവരും. മൂന്നാമത്തെ ലൈന്‍ സ്ഥാപിക്കണമെങ്കില്‍ വളവുകള്‍ നിവര്‍ത്തണം. അതിന് സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇത് സംസ്ഥാനത്തിന്റെ ബാധ്യതയാണ്. അതിനായി സംസ്ഥാനം സാമ്പത്തിക സഹകരണം ഉള്‍പ്പെടെ നല്‍കണം.
കെ-റെയില്‍ കോര്പ്പറേഷന് നടത്തിയ സര്‍വേ കാണിക്കുന്നത് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് അല്ല കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നത് മറിച്ച് തിരുവനന്തപുരം-എറണാകുളം, കോഴിക്കോട്-എറണാകുളം എന്നിങ്ങനെയാണ്. തിരുവനന്തപുരം-കാസര്‍കോട് മാത്രമായുള്ള ഡെഡിക്കേറ്റഡ് അതിവേഗ പാത ശരിയായ ദിശയല്ല. പകരം മൂന്നാം പാതയ്ക്ക് പ്രായോഗിക മുന്‍തൂക്കം നല്‍കിക്കൊണ്ട് പദ്ധതി എത്രയും വേഗത്തില്‍ നടപ്പാക്കുകയാണ് ചെയ്യണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
കേരളസർക്കാർ മുന്നോട്ടുവെച്ച സിൽവർലൈൻ പദ്ധതി നടപ്പാക്കില്ലെന്നും സംസ്ഥാനത്ത് അതിവേഗ റെയിലിന് ബദൽമാർഗം പരിഗണനയിലാണെന്നും കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ രണ്ടറ്റത്തെയും ബന്ധിപ്പിച്ച് മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലുള്ള ബദൽ റെയിൽപ്പാത സാധ്യമാണെന്നാണ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്.
എന്നാല്‍ മൂന്നാം പാത നിര്‍മിച്ചോ, നിലവിലെ റെയില്‍ പാതയുടെ വികസനം നടത്തിയോ സില്‍വർ ലൈനിന്റെ വേഗത്തില്‍ ട്രെയിനോടിക്കാനാകില്ലെന്നാണ് കെ റെയിലും സംസ്ഥാന സർക്കാരും നേരത്തെ വ്യക്തമാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..