ജോസ് രാജൻ, പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
"ഓർമ്മകൾ നഷ്ടപ്പെട്ട് ഏതെങ്കിലും ഒരു ആശുപത്രിയിൽ എന്റെ ഭർത്താവ് കിടക്കുന്നുണ്ടാകും. ഒരുപക്ഷെ എന്നെ കാണുമ്പോൾ തിരിച്ചറിയില്ലായിരിക്കും. അദ്ദേഹത്തിന് വേണ്ടി ഇപ്പോഴും തിരഞ്ഞു കൊണ്ടിരിക്കുന്നു." കഴിഞ്ഞ നാല് മാസമായി കാണാതായ മലയാളി ഭർത്താവിനെ തിരയുകയാണ് റഷ്യൻ യുവതി. റെയിൽവേ സ്റ്റേഷനുകളിലും ആശുപത്രികളിലും പ്രതീക്ഷയോടെ ഭർത്താവ് കോട്ടയം സ്വദേശിയായ ജോസ് രാജന് വേണ്ടിയുള്ള തിരച്ചിലാണ് സെറ്റ്ലാന എന്ന യുവതി.
കോട്ടയം പൂഞ്ഞാറിലെ തെക്കേക്കരയിലെ ജോസ് രാജനും സെറ്റ്ലാനയും തമ്മിൽ 2012ലായിരുന്നു വിവാഹം നടന്നത്. പത്ത് വർഷത്തിലേറെയായി സെറ്റ്ലാന ഇന്ത്യയിൽ താമസിച്ചു വരികയാണ്. ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന സെറ്റ്ലാനയും ജോസും തമ്മിൽ ഡൽഹിയിൽ വെച്ചായിരുന്നു പരിചയത്തിലാകുന്നത്. പരിചയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. കോട്ടയത്തുവെച്ച് തന്നെയായിരുന്നു വിവാഹം. പിന്നീട് സെറ്റ്ലാന കേരളത്തിലേക്ക് താമസം മാറ്റുകയായിരുന്നു.
വിവാഹശേഷം ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളിലായിരുന്നു രാജൻ. കേരളത്തിലേക്ക് വരുന്നതിനിടെയാണ് കാണാതാകുന്നത്. മെയ് 4നായിരുന്നു അദ്ദേഹത്തെ കാണാതാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി രാജസ്ഥാനിൽ ജോലി സംബന്ധമായി താമസമാക്കിയ രാജൻ മെയ് നാലിന് നാട്ടിലേക്ക് വരാൻ വേണ്ടി ട്രെയിൻ കയറി എന്നാണ് സെറ്റ്ലാന പറയുന്നത്. ട്രെയിൻ കയറിയതിന് പിന്നാലെ അദ്ദേഹത്തിന്റെ യാതൊരു വിവരവും ഉണ്ടായിട്ടില്ലെന്ന് സെറ്റ്ലാന പറഞ്ഞു. താനെയിൽ നിന്ന് മെയ് നാലിനായിരുന്നു കൊച്ചിയിലേക്ക് വണ്ടി കയറിയത്.
വർഷങ്ങളായി കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു ജോസ്. ചിലപ്പോൾ യാത്രയ്ക്കിടെ രോഗം പിടിപ്പെട്ട് എവിടെയെങ്കിലും വീണുപോയതാകാം. ഏതെങ്കിലും ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുണ്ടാകും. വൈകാതെ തന്നെ അദ്ദേഹത്തെ കണ്ടുമുട്ടാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് റഷ്യൻ യുവതി. ആശുപത്രി അധികൃതർ, ട്രെയിനിൽ ഉണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥർ, ഏതെങ്കിലും യാത്രക്കർ, ജോലിക്കാർ ആർക്കെങ്കിലും അദ്ദേഹത്തെക്കുറിച്ച് അറിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താനെയിൽ ഏതെങ്കിലും ഒരു ആശുപത്രിയിൽ അദ്ദേഹം ഉണ്ടാകും. മഹാരാഷ്ട്ര പോലീസുമായി ബന്ധപ്പെട്ടു വരികയാണ്. എന്നാൽ ഇതുവരെ അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഈരാറ്റുപേട്ട പോലീസിലും പരാതി നൽകിയിട്ടുണ്ട്. റെയിൽവേ കേന്ദ്രീകരിച്ചും ആശുപത്രി കേന്ദ്രീകരിച്ചും നേരിട്ട് അന്വേഷിക്കും. റഷ്യൻ യുവതി പറഞ്ഞു.
അതേസമയം ജോസ് രാജന് വേണ്ടിയുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും ഈരാറ്റുപേട്ട പോലീസ് വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..