കമ്പി വീണ് കാലൊടിഞ്ഞ റഷ്യക്കാരനായ ഡിമിത്രി ബൈറ്റെൻസ് കോയെ ചികിത്സ നൽകുന്നതിന് കപ്പലിൽനിന്ന് ടഗ്ഗിലേക്ക് മാറ്റുന്നു
വിഴിഞ്ഞം: കപ്പലില്‍ വെച്ച് ജോലിക്കിടെ കാലില്‍ ഇരുമ്പ് പൈപ്പ് വീണ് ഇടതുകാലിന് ഒടിവേറ്റ റഷ്യന്‍ സ്വദേശിക്ക് അടിയന്തര ചികിത്സ നല്‍കുന്നതിന് വിഴിഞ്ഞം കടലില്‍ പ്രത്യേക സന്നാഹമൊരുക്കി കരയ്ക്കെത്തിച്ചു.
ജോര്‍ദാനില്‍നിന്ന് സിങ്കപ്പുരിലേക്ക് വിഴിഞ്ഞം വഴി പോകുകയായിരുന്ന സീയെം സോക്രട്ടീസ് എന്ന ചരക്കുകപ്പലിലെ ശുചീകരണ തൊഴിലാളി ഡിമിത്രി ബൈറ്റെന്സ് കോ(25)യെയാണ് വ്യാഴാഴ്ച രാത്രി കരയിലെത്തിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച കപ്പലില്‍ വെള്ളമുപയോഗിച്ച് ശുചീകരണം നടത്തുന്ന സമയത്ത് മുകളില്‍നിന്ന് ഇരുമ്പ് പൈപ്പ് വീണായിരുന്നു പരിക്കേറ്റതെന്ന് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കപ്പല്‍ ഏജന്‍സി മേധാവി ക്യാപ്റ്റന്‍ സന്തോഷ് പറഞ്ഞു.
പരിക്കേറ്റ ജീവനക്കാരന് അടിയന്തര ചികിത്സ നല്‍കുന്നതിന് കപ്പലിലെ ക്യാപ്റ്റന്‍ മാരിടൈംബോര്ഡിന്റെ വിഴിഞ്ഞം അധികൃതരോട് സഹായം ആവശ്യപ്പെടുകയായിരുന്നു. കപ്പലിന്റെ ഏജന്‍സിയുടെ പ്രതിനിധികളും തുറമുഖ പര്‍സര്‍ വിനുലാല്‍, സൂപ്പര്‍വൈസര്‍ അജീഷ്മണി, ജീവനക്കാരന് അജിത്, പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍ ശ്രാവണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ആംബുലന്‍സ് അടക്കമുള്ള സന്നാഹം സജ്ജമാക്കി.
തുടര്‍ന്ന് മാരിടൈംബോര്ഡിന്റെ ടഗ്ഗ് കപ്പലിനടുത്തെത്തി പ്രത്യേക സംവിധാനത്തിലൂടെ ജീവനക്കാരനെ താഴെയിറക്കി. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇമിഗ്രേഷന്‍ അധികൃതര്‍ ആശുപത്രിയില്‍ തങ്ങുന്നതിന് മൂന്നുദിവസത്തെ അനുമതി നല്‍കിയിട്ടുണ്ട്.
എന്നാല്‍, ശസ്ത്രക്രിയ നടക്കാത്തതിനെ തുടര്‍ന്ന് അനുമതി നീട്ടിക്കിട്ടാന്‍ ആവശ്യപ്പെട്ട് എഫ്.ആര്.ആര്.ഒ.യ്ക്ക് അപേക്ഷ നല്‍കുമെന്നും കപ്പല്‍ ഏജന്‍സി അധികൃതര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..